മണിയന്‍പിള്ള രാജുവിന്റെ കാറിടിച്ച് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യുവാക്കള്‍ സഞ്ചരിച്ച ബൈക്കിലേക്ക് കാര്‍ ഇടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. അപകട ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. നിര്‍ത്താതെ പോയതായിരുന്നു ചര്‍ച്ചയായത്. അപകടത്തെക്കുറിച്ചുള്ള മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം വൈറലായിക്കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം സംഭവിച്ചതിനെക്കുറിച്ച് വിശദീകരിച്ചത്.
അപകടമുണ്ടായപ്പോള്‍ ശരിക്കും പേടിച്ചുപോയി. ഇടിച്ചിട്ട് നിര്‍ത്താതെ പോയതല്ല ഞാന്‍. ബൈക്ക് ഇങ്ങോട്ടേക്ക് വന്നാണ് ഇടിച്ചത്. ഞാന്‍ മദ്യപിച്ചിരുന്നില്ല. പതുക്കെയാണ് ഞാന്‍ വാഹനം ഓടിച്ചിരുന്നത്. എന്തോ ശബ്ദം കേട്ടിരുന്നു. ബൈക്കിലുണ്ടായിരുന്നവര്‍ വീഴുന്നത് കണ്ടിരുന്നു. ആക്സിഡന്റാണെന്ന് മനസിലായപ്പോള്‍ സുഹൃത്തുക്കളോട് വിളിച്ച് പറഞ്ഞിരുന്നു. എനിക്ക് ഇറങ്ങാന്‍ പറ്റുമായിരുന്നില്ല. അങ്ങനെയാണ് സുഹൃത്തുക്കളെ വിളിച്ച് കാര്യങ്ങളെല്ലാം നോക്കാന്‍ പറഞ്ഞത്.
വീട്ടില്‍ ഭാര്യ തനിച്ചായിരുന്നു. ചിക്കന്‍ഗുനിയ ബാധിച്ചിരിക്കുകയാണ് എനിക്ക്. കാന്‍സര്‍ രോഗിയായതിനാല്‍ ഇപ്പോള്‍ മദ്യപിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അപകടം നടന്നത് അറിഞ്ഞിട്ടും വാഹനം നിര്‍ത്താതെ പോയത് തെറ്റാണ്. പേടി കാരണമാണ് നിര്ത്താതിരുന്നതെന്നുമായിരുന്നു ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞത്. രാത്രി തന്നെ താന്‍ ഈ വിവരം പോലീസില്‍ അറിയിച്ചിരുന്നു എന്നും മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. ബൈക്ക് ഇടിച്ചിട്ടിട്ടും നിര്‍ത്താതെ പോയതിനെക്കുറിച്ചായിരുന്നു വിമര്‍ശനങ്ങള്‍.
സുധീര്‍കുമാര്‍ രാജു എന്നാണ് ആര്‍സി ഉടമസ്ഥന്റെ പേര് എന്ന് പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇത് നടന്റെ വാഹനമാണെന്നും, ആരാണ് വാഹനം ഓടിച്ചതെന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും പോലീസ് പറഞ്ഞിരുന്നു. കാര്‍ കസ്റ്റഡിയിലെടുക്കാനായി മണിയന്‍പിള്ള രാജുവിന്റെ വീട്ടിലെത്തിയെങ്കിലും അത് മറ്റൊരു സ്ഥലത്താണെന്നായിരുന്നു മറുപടി. താനാണ് വാഹനം ഓടിച്ചതെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. സുഹൃത്തിനൊപ്പമായാണ് അദ്ദേഹം പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്.
ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. ഇടയ്ക്ക് കാന്‍സര്‍ ബാധിച്ചിരുന്നു. തൊണ്ടയിലായിരുന്നു. ആഹാരം കഴിക്കാനൊക്കെ ബുദ്ധിമുട്ടിയിരുന്നു. കീമോ കഴിഞ്ഞ് വായിലെയും, തൊണ്ടയിലെയും തൊലിയൊക്കെ ശരിയായി വരാന്‍ സമയമെടുത്തിരുന്നു. അങ്ങനെയാണ് വണ്ണം കുറഞ്ഞത്. വണ്ണമൊക്കെ ഇനി തിരികെ വന്നോളും എന്നായിരുന്നു അസുഖാവസ്ഥയെ അതിജീവിച്ചതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. തീരെ മെലിഞ്ഞ് കവിളൊക്കെ ഒട്ടിയുള്ള രൂപം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. എനിക്കെന്തോ മാരക അസുഖമാണെന്നൊക്കെ പറയുന്നത് കേട്ടിരുന്നു. അങ്ങനെയുള്ള പ്രചാരണങ്ങളൊന്നും ബാധിക്കാറില്ലെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
തുടക്കത്തില്‍ കാന്‍സറാണെന്ന് കേട്ടപ്പോള്‍ തളര്‍ന്നുപോയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമാണ് ധൈര്യം തന്നത്. ഫൈറ്റ് ചെയ്ത് നീ തിരികെ വരണമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. മോഹന്‍ലാലും വിളിക്കുകയും, വീട്ടിലേക്ക് വരികയുമൊക്കെ ചെയ്തിരുന്നു. സുഹൃത്തുക്കളെല്ലാം വരുന്നതും, ഒന്നിച്ച് സമയം ചെലവഴിക്കുന്നതുമെല്ലാം വലിയ ആശ്വസമായിരുന്നു. ചേട്ടന് ഷുഗറാണോ, ഭക്ഷണമൊക്കെ ഇനിയെങ്കിലും നിയന്ത്രിക്കണം എന്നായിരുന്നു ചിലര്‍ പറഞ്ഞത്. പെട്ടെന്ന് സെന്സിറ്റീവാകാറുണ്ടെങ്കിലും ഫൈറ്റ് ചെയ്ത് പല കാര്യങ്ങളും നേടിയിട്ടുണ്ട് ഞാന്‍. ഉടനെ തന്നെ പോരാളിയായി തിരികെ വരുമെന്ന് മനസില്‍ ഉറപ്പിച്ചിരുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷം അവസരങ്ങളൊന്നും വരാതിരുന്നപ്പോള്‍ പോലും പതറാതെ പൊരുതിയതാണ്. എന്റെ മുഖവും സിനിമാപോസ്റ്ററില്‍ വരുമെന്നായിരുന്നു അന്ന് എല്ലാവരോടും പറഞ്ഞത്. പില്ക്കാലത്ത് അതേപോലെ സംഭവിക്കുകയായിരുന്നു.
