നിയമസഭയില്‍ സംഘര്‍ഷാവസ്ഥ; സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ഇടിച്ചുകയറി അൻവര്‍ സാദത്തും സനീഷ് കുമാറും

നിയമസഭയില്‍ സംഘർഷാവസ്ഥ. ഭരണപക്ഷവും പ്രതിപക്ഷവും ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റ് സഭയുടെ ഇരുവശത്തുമായി നിലയുറപ്പിച്ചതോടെ സഭ അക്ഷരാർത്ഥത്തില്‍ സ്തംഭിച്ചിരിക്കുകയാണ്.

മന്ത്രിമാർ സംസാരിക്കാൻ പ്രതിപക്ഷ ബഹളം കാരണം കഴിയുന്നില്ല.അൻവര്‍ സാദത്ത് എംഎല്‍എ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ശ്രമം വാച്ച്‌ ആന്‍ഡ് വാര്‍ഡൻമാര്‍ തടഞ്ഞു. സഭ താല്‍ക്കാലികമായി നിർത്തിവച്ച ശേഷം 21 മിനിറ്റിന് ശേഷം പുനരാരംഭിച്ചു.

ശരണം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സഭ ആരംഭിച്ച അന്നുമുതല്‍ സ്വർണ്ണം കട്ടത് ആരപ്പാ എന്ന് ചോദിച്ചു മുദ്രാവാക്യം വിളിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ‘യഥാർഥത്തില്‍ സ്വർണം കട്ടത് ആരപ്പാ കോണ്‍ഗ്രസ് ആണ് അയ്യപ്പ സന്ദർശിക്കുന്നത് ആരെ സോണിയാഗാന്ധിയെ അയ്യപ്പാ’ ആണെന്നും മന്ത്രി പരിഹസിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നടത്തുന്ന സമരത്തിന് ഒരു പ്രാധാന്യവും മാധ്യമങ്ങളിലൂടെ കിട്ടുന്നില്ല. അതുകൊണ്ടാണ് ഇന്നിപ്പോള്‍ ഇങ്ങനെ ഒരു സമരവുമായി എത്തിയിരിക്കുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു.

സഭയില്‍ പ്രതിപക്ഷ പേക്കൂത്ത് കാണിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണൻ പറഞ്ഞു.ഇന്നുരാവിലെ സഭാ നടപടികള്‍ ആരംഭിച്ചതുമുതല്‍ സഭയില്‍ സംഘർഷാവസ്ഥ തുടരുന്നുണ്ടായിരുന്നു. എന്നിട്ടും സ്പീക്കർ ചോദ്യോത്തരവേള നടത്താൻ അനുമതി നല്‍കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കം പ്രതിപക്ഷ അംഗങ്ങളില്‍ നിന്നുണ്ടായത്. അൻവർ സാദത്തിനെയും സനീഷ് കുമാറിനെയും സസ്‌പെൻഡ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *