ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് പരോള്‍, സഭയില്‍ വാക്പോര്

ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികള്‍ക്കുള്‍പ്പടെ തുടർച്ചയായി പരോള്‍ അനുവദിക്കുന്നതിനെ ചൊല്ലി നിയമസഭയില്‍ വാക്പോര്.

ചട്ടം 50 പ്രകാരം, സഭാ നടപടികള്‍ നിർത്തിവച്ച്‌ ചർച്ച ചെയ്യാൻ പര്യാപ്തമായ അടിയന്തര പ്രാധാന്യമില്ലാത്തതിനാല്‍ പ്രസ്തുത നോട്ടീസ് പരിഗണിക്കാൻ നിർവാഹമില്ലെന്ന് സ്പീക്കർ അറിയിച്ചു.

ആവശ്യമാണെങ്കില്‍ നോട്ടീസ് നല്‍കിയ അംഗത്തിന് സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാല്‍ വലിയ ഗുരുതരമായ വിഷയമാണ് തന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

ചട്ടം ലംഘിച്ച്‌, നിയമം ലഘിച്ച്‌ പരോള്‍ കൊടുത്ത ക്രിമിനലുകള്‍ തെരുവിലിറങ്ങി കലാപം നടത്തുകയും ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുകയും ചെയ്യുന്ന ഗുരുതരമായ വിഷയങ്ങളാണ് സഭാ നടപടികള്‍ നിർത്തിവച്ച്‌ ചർച്ച ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്. സർക്കാരിന് സൗകര്യമില്ലാത്ത കാര്യങ്ങള്‍ നിയമസഭയില്‍ ചർച്ച ചെയ്യില്ലെന്നാണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

പോലീസിനെ സ്റ്റീല്‍ ബോംബെറിഞ്ഞിട്ട് കോടതി 20 വർഷം തടവിന് ശിക്ഷിച്ച ക്രിമിനലിനെ ഒരു മാസം തികയും മുമ്പ് രണ്ടും മൂന്നും പ്രാവശ്യം പരോള്‍ നല്‍കി അയാളെ തെരുവിലേക്ക് ഇറക്കിയിരക്കുകയാണ്. അതിന് അടിയന്തര പ്രാധാന്യമില്ലെങ്കില്‍ പിന്നെ എന്തിനാണ് സഭ കൂടുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

അതേസമയം, തടവുകാർക്ക് പരോള്‍ അനുവദിക്കുന്നത് നിയമവും ചട്ടവും അനുസരിച്ചാണെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടി നല്‍കി. അവസാനം പരോള്‍ അനുവദിച്ചത് 8-1-2026ലാണ്. അതിനുശേഷം നാലോ അഞ്ചോ ദിവസം സഭ ചേർന്നു. ഇത്രെയും അടിയന്തര പ്രാധാന്യമുള്ളതാണെങ്കില്‍ ജനുവരി 22-ാം തീയതി നോട്ടീസ് നല്‍കാമായിരുന്നു.

അന്ന് നോട്ടീസ് പോലും നല്‍കിയിട്ടില്ല. ഇപ്പോള്‍ വിഷയ ദാരിദ്രം കൊണ്ടാണ് പ്രതിപക്ഷം ഇത് ഉയർത്തിക്കൊണ്ടുവരുന്നത്. അവർ വിഷയം സബ്മിഷനായി ഉന്നയിക്കുന്നത് കൊണ്ട് സർക്കാരിന് വിരോധമില്ല. അടിയന്തര പ്രാധാന്യമുള്ള വിഷയമുള്ള കാര്യമാണിതെന്ന് നേരത്തെ തോന്നിയിരുന്നുവെങ്കില്‍ 22ന് നോട്ടീസ് നല്‍കാമായിരുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചീറ്റിംഗ് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഇളവ് കൊടുത്തെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *