കേരളത്തില്‍ എയിംസ് വരുമെന്ന് പലവട്ടം വാഗ്ദാം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപി ബജറ്റിനുശേഷം ഇതേക്കുറിച്ച് മിണ്ടാട്ടം മുട്ടിയ അവസ്ഥയിലാണെന്ന് സോഷ്യല്‍ മീഡിയ.
എയിംസ് വരും മറ്റേ മോനെയെന്ന് പൊതുവേദിയില്‍ അധിക്ഷേപ പ്രസംഗം നടത്തിയത് അടുത്തിടെയാണ്. എന്നാല്‍, സുരേഷ് ഗോപിയുടെ വെല്ലുവിളി ബജറ്റില്‍ കേന്ദ്രം അവഗണിച്ചു.
കേരളം ദീര്‍ഘകാലമായി ഉയര്‍ത്തുന്ന ആവശ്യങ്ങളായ എയിംസ്, ഹൈസ്പീഡ് റെയില്‍വേ, വിഴിഞ്ഞം തുറമുഖത്തിനുള്ള പ്രത്യേക പാക്കേജ് തുടങ്ങിയവ ബജറ്റില്‍ പരാമര്‍ശം പോലും നടത്തിയില്ല. കേരളം ഏറെക്കുറെ ‘പൂര്‍ണമായും അദൃശ്യമായി’ എന്നാണ് ശശി തരൂര്‍ എംപി വിശേഷിപ്പിച്ചത്.
കേരളത്തിന് എയിംസ് വേണമെന്ന ആവശ്യം പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണത്തിന്റെ ഭാഗമായി തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഇതിനെ സജീവമായി ഉയര്‍ത്തിക്കാട്ടി. ‘കേരളത്തിന് തീര്‍ച്ചയായും എയിംസ് ലഭിക്കും’, ‘എയിംസ് എന്റെ പോക്കറ്റിലുണ്ട്, എപ്പോള്‍ വേണമെങ്കിലും നല്‍കാം’ തുടങ്ങിയ പ്രസ്താവനകള്‍ അദ്ദേഹം പലതവണ ആവര്‍ത്തിച്ചു. തൃശൂര്‍ അല്ലെങ്കില്‍ ആലപ്പുഴയില്‍ എയിംസ് വരണമെന്നും വാഗ്ദാനം പാലിക്കാതെ വോട്ടഭ്യര്‍ഥിക്കില്ലെന്നും വരെ അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, ബജറ്റ് 2026-ല്‍ എയിംസിനെക്കുറിച്ചോ കേരളത്തിന്റെ മറ്റ് പ്രധാന ആവശ്യങ്ങളെക്കുറിച്ചോ ഒരു വരി പോലുമില്ല. കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഇതിനെ ‘പൂര്‍ണ നിരാശ’യായും ‘കേരളത്തോടുള്ള ചതി’യായും വിമര്‍ശിച്ചു.
തൃശൂരിന്റെ ബിജെപി എംപിയായ സുരേഷ് ഗോപിയുടെ മണ്ഡലത്തിന് പോലും ബജറ്റില്‍ ഒന്നും ലഭിച്ചില്ല. തൃശൂരിന്റെ വികസനവുമായി ബന്ധപ്പെട്ട് അദ്ദേഹം ഉയര്‍ത്തിയ വാഗ്ദാനങ്ങള്‍ക്ക് ഈ ബജറ്റ് നാണക്കേടുണ്ടാക്കിയിരിക്കുന്നു. കഴിഞ്ഞ ബജറ്റുകളില്‍ പോലും സമാനമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും, ഇത്തവണത്തെ പൂര്‍ണ അവഗണന കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുന്നു.
കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ അവഗണിക്കപ്പെടുന്നത് രാഷ്ട്രീയമായി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിലയിരുത്തുന്നവരുണ്ട്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ അവഗണന ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ ശക്തമായ പ്രചാരണായുധമാകുമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ സൂചിപ്പിക്കുന്നത്.
കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ഭരണ മുന്നണിയായ എല്‍ഡിഎഫ് വരും ദിവസങ്ങളില്‍ വലിയ പ്രക്ഷോഭം നടത്തിയേക്കും. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ഇത് ബിജെപിക്ക് കടുത്ത പ്രതിരോധം തീര്‍ക്കുമെന്നാണ് വിലയിരുത്തല്‍.
