ഭരണത്തിന്റെ മറവില്‍ സിപിഐഎം നടത്തുന്ന അഴിമതികളുടെ വിവരങ്ങളാണ് പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
അധികാരത്തിന്റെ കരുത്തില്‍ പാർട്ടി അനധികൃത സ്വത്ത് സമ്പാദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്വർണക്കൊളളയിലെ പ്രതികളായ നേതാക്കള്‍ക്കെതിരെ നടപടിയില്ല. എന്നാല്‍ പാർട്ടിയിലെ പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞ നേതാവിനെ പുറത്താക്കിയിരിക്കുന്നു. സിപിഐഎമ്മിലെ ജീർണ്ണതയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
പയ്യന്നൂർ എംഎല്‍എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവർത്തകരെ സിപിഐഎമ്മുകാർ മർദ്ദിച്ചു. കുറുവടി ഉപയോഗിച്ചായിരുന്നു മർദ്ദനം. പൊലീസ് ജീപ്പിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞവർക്ക് സംരക്ഷണമൊരുക്കി. ആഭ്യന്തര മന്ത്രി പദവിയില്‍ തുടരാൻ പിണറായി വിജയന് യാതൊരു അർഹതയുമില്ല. ടി പി ചന്ദ്രശേഖരന്റെ അതേ സാഹചര്യമാണ് കുഞ്ഞികൃഷ്ണനും നേരിടുന്നത്. കുഞ്ഞികൃഷ്ണൻ പുറത്ത് പറഞ്ഞത് ഗുരുതരമായ ക്രമക്കേടാണ്. കോണ്‍ഗ്രസുകാരെ ആക്രമിച്ച വിഷയം സഭയില്‍ അവതരിപ്പിക്കാൻ കഴിയുന്നില്ല. സിപിഐഎം പ്രതിരോധത്തിലാകുന്ന വിഷയം സഭയില്‍ കൊണ്ടുവരാൻ സമ്മതിക്കുന്നില്ല. സ്പീക്കർ സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
