വിവാദ പരാമർശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. താൻ പറഞ്ഞതില്‍ തെറ്റിദ്ധരിച്ച് തന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെ ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും പ്രസ്താവന പിൻവലിക്കുന്നതായും മന്ത്രി അറിയിച്ചു.
കാസർകോട്ടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാല്‍ വർഗീയ ധ്രുവീകരണം അറിയാമെന്നായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം.
യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാല്‍ മതിയെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതല്ലേ സംഭവിക്കുന്നതെന്നും മന്ത്രി ചോദിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്കണം. എന്താണ് നമ്മുടെ രാജ്യത്തിന്റെ സ്ഥിതി. കേരളം ഉത്തർപ്രദേശും മദ്ധ്യപ്രദേശുമാക്കാൻ നില്‍ക്കരുതെന്നും മന്ത്രി പരാമർശമം നടത്തി. പരാമർശം വിവാദമായതിന് പിന്നാലെയാണ് പ്രസ്താവന പിൻവലിച്ച് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
‘കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയില്‍ നടത്തുന്ന പ്രചാരണം എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ഞാൻ എന്റെ ജീവിതത്തില്‍ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ എന്റെ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോള്‍ നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍.
മതചിന്തകള്‍ക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന എന്റെ പൊതുജീവിതത്തെ വർഗീയതയുടെ ചേരിയില്‍ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല.
രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സി.പി.എം പ്രവർത്തകൻ എന്ന നിലയില്‍ കഴിഞ്ഞ 42 വർഷത്തെ എന്റെ പൊതുജീവിതം ഒരു വർഗീയതയോടും സമരസപ്പെട്ടല്ല പോയത്. ഇതിന്റെയെല്ലാം ഫലമായി ഒരുപാട് തിക്താനുഭവങ്ങള്‍ നേരിട്ടയാളുകൂടിയാണ് ഞാൻ. അത് എന്റെ നാട്ടിലെ ജനങ്ങള്‍ക്കും എന്നെ അറിയുന്നവർക്കും അറിയാവുന്ന കാര്യമാണ്.
എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്റെ സഹോദരങ്ങള്‍ക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി ഞാൻ മനസ്സിലാക്കുന്നു. ഞാൻ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചു എന്നതും എന്നെ വേദനിപ്പിക്കുന്നു. ഞാൻ പറഞ്ഞതില്‍ തെറ്റിദ്ധരിച്ച് എന്റെ ഉദ്ദേശശുദ്ധിയെ പ്രയാസമോ ആർക്കെങ്കിലും വേദനയോ മനസ്സിലാക്കാതെ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ നടത്തിയ പ്രസ്താവന പിൻവലിക്കുന്നു’-സജി ചെറിയാൻ വ്യക്തമാക്കി.
