ഗുരുവായൂർ ദേവസ്വത്തില്‍ നിയമനങ്ങള്‍ നടത്താൻ മാനേജിങ് കമ്മിറ്റിക്കാണ് അധികാരമെന്ന് ഹൈകോടതി. ഗുരുവായൂരിലെ നിയമനങ്ങളില്‍നിന്ന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനെ (കെ.ഡി.ആർ.ബി) ഒഴിവാക്കിയാണ് ജസ്റ്റിസ് എസ്.എ.
ധർമാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിൻറെ ഉത്തരവ്.
ഗുരുവായൂർ ദേവസ്വത്തിലും അനുബന്ധ എയ്ഡഡ് സ്ഥാപനങ്ങളിലും വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് റിക്രൂട്ട്‌മെന്റ് ബോർഡ് പുറപ്പെടുവിച്ച പുതിയ വിജ്ഞാപനങ്ങളും കോടതി റദ്ദാക്കി. ദേവസ്വം മാനേജിങ് കമ്മിറ്റി നിയമാനുസൃതമായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് നിയമന നടപടികള്‍ ആരംഭിക്കാനും കോടതി നിർദേശിച്ചു. റിക്രൂട്ട്‌മെന്റ് ബോർഡ് നിയമനവ്യവസ്ഥ ശരിവെച്ച സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് യൂനിയൻ കോണ്‍ഗ്രസ് അടക്കമുള്ളവർ അഡ്വ. ജാജു ബാബു മുഖേന സമർപ്പിച്ച അപ്പീലുകളാണ് കോടതി പരിഗണിച്ചത്.
മാനേജിങ് കമ്മിറ്റിക്ക് അധികാരം നല്‍കുന്ന 1978ലെ ഗുരുവായൂർ ദേവസ്വം നിയമത്തിലെ 19ാം വകുപ്പിനാണ് നിയമസാധുതയെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് നിയമനങ്ങള്‍ സംബന്ധിച്ച റിക്രൂട്ട്‌മെന്റ് ബോർഡ് നിയമത്തിലെ ഒമ്ബതാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് വിലയിരുത്തി കോടതി റദ്ദാക്കി.
അതേസമയം, റിക്രൂട്ട്മെന്റ് ബോർഡ് ഇതുവരെ നടത്തിയ നിയമനങ്ങള്‍ക്ക് സാധുത ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കിയ കോടതി സുതാര്യമായ നിയമനപ്രക്രിയ ഉറപ്പാക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. റിട്ട. ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ അധ്യക്ഷനായ സമിതിയില്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റർ, അഡ്വ. കെ. ആനന്ദ് എന്നിവരാണ് അംഗങ്ങള്‍. ഒരുവർഷത്തേക്കാണ് സമിതിയുടെ കാലാവധി.
