കെഎസ്‌ആര്‍ടിസിയില്‍ കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം; ഒരു കുപ്പി വിറ്റാല്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും

കെഎസ്‌ആര്‍ടിസിയില്‍ യാത്രക്കാര്‍ക്ക് കുപ്പിവെള്ളം നല്‍കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍.

പുറത്തുകിട്ടുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ നല്‍കും. ഒരു കുപ്പി വില്‍ക്കുമ്ബോള്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും നല്‍കും. ഉടന്‍ തന്നെ ഈ സംവിധാനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോര്‍പ്പറേഷന്‍ വാങ്ങി നല്‍കിയ 113 ബസുകളില്‍ നല്ലാരു ഭാഗവും സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളില്‍ ഓടുന്നുവെന്ന മേയര്‍ വി വി രാജേഷിന്റെ പ്രസ്താവനക്കെതിരെയും മന്ത്രി സംസാരിച്ചു.സിറ്റി ബസുകളില്‍ ഒന്നും തിരുവനന്തപുരത്തിന് പുറത്ത് ഓടുന്നില്ലെന്നും മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

113 ബസുകളാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയിലുള്ളത്. കേന്ദ്രവും സംസ്ഥാനവും 500 കോടി വീതം നല്‍കിയിട്ടുണ്ട്. വണ്ടികളുടെ നവീകരണമടക്കം കെഎസ്‌ആര്‍ടിസിയാണ് ചെയ്യേണ്ടത്. വകുപ്പിന്റെ പ്ലാനിങ് കാരണം 9000 രൂപ വരെ ഒരു ബസിന് ലാഭമുണ്ടായി. ഒരു ദിവസം 2500 രൂപ മാത്രം ലാഭമുണ്ടായിരുന്ന സമയത്താണിത്. ബസുകള്‍ വേണമെന്ന് മേയര്‍ എഴുതിത്തന്നാല്‍ 113 ബസുകളും കോര്‍പ്പറേഷന് നല്‍കും. പഠിച്ചിട്ട് മാത്രം കാര്യങ്ങള്‍ പറയണം. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ആരും പറയേണ്ടെന്നും തിരുവനന്തപുരത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *