‘ഹൃദയഭാരം തോന്നുന്നു’; തളരാതെയിരിക്കൂ പ്രിയ ലാല്‍ , മോഹന്‍ലാലിന്‍റെ അമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച്‌ മമ്മൂട്ടി

മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച്‌ മമ്മൂട്ടി. മോഹന്‍ലാലും അമ്മയും ചേര്‍ന്നുള്ള ഒരു ചിത്രവും കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

“നമുക്കെല്ലാവര്‍ക്കും ഏറെ വേണ്ടപ്പെട്ട ഒരാളുടെ വിയോഗത്തിന്‍റെ വേളയില്‍ എനിക്ക് ഹൃദയഭാരം തോന്നുന്നു. തളരാതെയിരിക്കൂ പ്രിയ ലാല്‍”, എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്. മരണവിവരം അറിഞ്ഞതിന് പിന്നാലെ എറണാകുളം എളമക്കരയിലെ വീട്ടില്‍ മമ്മൂട്ടി എത്തിയിരുന്നു. സിനിമാ രംഗത്തുനിന്ന് ഒട്ടേറെപ്പേര്‍ ഇന്നലെ എളമക്കരയിലെ വീട്ടില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
വിയോഗം ഇന്നലെ

ഇന്നലെ ഉച്ചയോടെ ആയിരുന്നു ശാന്തകുമാരി അമ്മയുടെ മരണം. 90 വയസ് ആയിരുന്നു. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു. പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്. കൊച്ചി അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. അതേസമയം തിരുവനന്തപുരം മുടവന്‍മുകളിലെ വീട്ടുവളപ്പില്‍ ഇന്ന് വൈകിട്ടാണ് സംസ്കാരം. കൊച്ചിയില്‍ നിന്ന് മൃതദേഹം പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചു.

പല വേദികളിലും അമ്മയെക്കുറിച്ച്‌ അതിവൈകാരികമായി ലാല്‍ സംസാരിച്ചിട്ടുണ്ട്. 89ാം പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്കായി മോഹൻലാല്‍ എളമക്കരയിലെ വീട്ടില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *