യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇൻഡിഗോ വിമാനത്തിന്റെ നീക്കത്തില്‍ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
എൻഡിഎ എംപിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സർക്കാർ രൂപീകരണ നിയമങ്ങളും ചട്ടങ്ങളും സംവിധാനത്തെ മെച്ചപ്പെടുത്താൻ വേണ്ടിയാണെന്നും രാജ്യത്തെ പൗരന്മാരെ ബുദ്ധിമുട്ടിലാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിഷയത്തിലെ പ്രധാനമന്ത്രിയുടെ നിലപാടിനെ കുറിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് പറഞ്ഞത്. സർക്കാർ കാരണം ഒരു ഇന്ത്യൻ പൗരനും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. നിയമങ്ങള്‍ എപ്പോഴും നല്ലതാണ്. എന്നാല്‍ അവ നമ്മുടെ സംവിധാനം മെച്ചപ്പെടുത്താൻ വേണ്ടിയായിരിക്കണം. അല്ലാതെ പൊതുജനങ്ങളെ ഉപദ്രവിക്കാനുള്ളത് ആകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിയമങ്ങള്‍ ജനങ്ങള്‍ക്ക് ഭാരമാകരുത്. മറിച്ച് ജനങ്ങളുടെ സൗകര്യത്തിന് വേണ്ടിയാകണം. നിയമങ്ങള്‍ കാരണം പൊതുജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും കിരണ്‍ റിജിജു പറഞ്ഞു.
തുടർച്ചയായി ഏഴ് ദിവസമാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. ഇതില്‍ പല സർവീസുകളും വൈകുകയും ചെയ്തു. ആയിരക്കണക്കിന് യാത്രക്കാരെയാണ് ഇത് ബുദ്ധിമുട്ടിലാക്കിയത്. പൈലറ്റുമാരുടെയും കാബിന്‍ ജീവനക്കാരുടെയും വിശ്രമവും ജോലിഭാരവും കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങള്‍ കര്‍ശനമാക്കിതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
