ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച് ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്. രാജ്യത്തുടനീളമുണ്ടായ വെള്ളപ്പൊക്കത്തിലും വ്യാപക മണ്ണിടിച്ചിലിലും ഇതുവരെ 56 പേർ മരണപ്പെട്ടതായാണ് വിവരം.
ശക്തമായ മഴയെ തുടർന്ന് രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകള്‍ക്കും സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച മുതല്‍ ശ്രീലങ്കയില്‍ കാലാവസ്ഥ മോശമായി തുടരുകയാണ്. വ്യാഴാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് നിരവധി വീടുകളും റോഡുകളും വയലുകളും വെള്ളത്തിനടിയിലായി. വിവിധയിടങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോർട്ടു ചെയ്തു. ഇതുവരെ 600 ലധികം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
തലസ്ഥാന നഗരമായ കൊളംബോയില്‍ നിന്ന് ഏകദേശം 300 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ബദുള്ള, നുവാര ഏലിയ എന്നിവിടങ്ങളിലായി തേയില തോട്ടങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ 25-ലധികം പേർ മരിച്ചതായി അധികൃതർ അറിയിച്ചു. അപകടത്തില്‍ 21 പേരെ കാണാതായിട്ടുണ്ട്. 14 പേർക്ക് പരിക്കേറ്റതായി ദുരന്ത നിവാരണ കേന്ദ്രം (ഡിഎംസി) അറിയിച്ചു.
ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്കയുടെ കിഴക്കൻ തീരത്തുകൂടി നീങ്ങുന്നതിനാല്‍ കാലാവസ്ഥ കൂടുതല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച ശ്രീലങ്കയുടെ മധ്യ, വടക്കൻ ഭാഗങ്ങളില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
അതേസമയം, തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കൻ തീരത്തിനും മുകളിലായി രൂപപ്പെട്ടിരിക്കു്ന ഡിറ്റ് വാ ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട്-പുതുച്ചേരി, തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
