രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ഖണ്ഡിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടികയില്‍ പരാതിയുണ്ടെങ്കില്‍ പ്രതിജ്ഞാ പത്രത്തോടൊപ്പം അത് രേഖാമൂലം നല്കാൻ കഴിയും.
കള്ളവിവരം നല്കുന്നെങ്കില് നടപടി എടുക്കാം എന്ന ചട്ടമുള്ളപ്പോള്‍ ഇതിന് രാഹുല്‍ ഗാന്ധി തയ്യാറാണോ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നയിക്കുന്ന ചോദ്യം.
എന്നാല്‍ പ്രതിജ്ഞാപത്രം നല്‍കില്ലെന്നും പൊതുപ്രവർത്തകനായ താൻ പരസ്യമായി പറയുന്നത് കളവാണെങ്കില്‍ കമ്മീഷൻ നടപടി എടുക്കട്ടെ എന്നും രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. ചില തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിച്ചുവെന്നും മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മഹാരാഷ്ട്രയില്‍ അഞ്ചുവർഷത്തില്‍ ചേർത്തവരെക്കാള്‍ കൂടുതല്‍ അഞ്ചുമാസം കൊണ്ട് ചേർത്തു.
ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയതിലും സംശയം ഉണ്ട്. മഹാരാഷ്ട്രയില്‍ 5 മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയർന്നു. വോട്ടർ പട്ടിക നല്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചു.
മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടർമാർ വന്നു. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങള്‍ മാറ്റിയെന്നും സിസിടിവി ദൃശങ്ങള്‍ 45 ദിവസം കഴിയുമ്ബോള്‍ നശിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇലക്ട്രോണിക് വോട്ടർ പട്ടിക കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കാതിരുന്നത് പരിശോധനകള്‍ ബുദ്ധിമുട്ടാക്കി. കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നുവെന്ന് വ്യക്തമാണ്.
ഇത് പഠിക്കാൻ ടീമിനെ വച്ചു. വോട്ടർ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു.
സോഫ്ട് കോപ്പി തരാത്തതിനാല്‍ കടലാസ് രേഖകള്‍ പരിശോധിച്ചുവെന്നും സെക്കന്റുകള്‍ കൊണ്ട് രേഖ പരിശോധിക്കുന്നത് ആറുമാസം വേണ്ടിവന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് കണക്കുകള്‍ നിരത്തി രാഹുല്‍ ഗാന്ധി വിശദീകരിച്ചത്.