ഛത്തിസ്ഗഢിലെ വിവാദ മതപരിവര്‍ത്തന നിരോധന നിയമം ആര്‍.എസ്.എസ്-ഇടത് സഖ്യത്തിൻറെ ഉല്‍പന്നമാണ് : സന്ദീപ് വാര്യര്‍

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച്‌ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് ഏറെ ചർച്ചയായ ഛത്തിസ്ഗഢിലെ വിവാദ മതപരിവർത്തന നിരോധന നിയമം ആർ.എസ്.എസ്-ഇടത് സഖ്യത്തിൻറെ ഉല്‍പന്നമാണെന്ന് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ.

1968ല്‍ മധ്യപ്രദേശ് നിയമസഭ അവതരിപ്പിച്ച മതപരിവർത്തന നിരോധന നിയമം ഇടത് എം.എല്‍.എ പിന്തുണച്ചതായും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

1967ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനായി ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളില്‍ ‘സംയുക്ത വിധായക് ദള്‍’ (എസ്.വി.ഡി) എന്ന സഖ്യത്തിന് രൂപം നല്‍കിയിരുന്നു. ബിഹാർ ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും സഖ്യം അധികാരത്തില്‍ വരുകയും ചെയ്തു. ജനസംഘവും സി.പി.ഐയും സി.പി.എമ്മും ചേർന്ന് രൂപാന്തരപ്പെട്ട മുന്നണിയാണ് മധ്യപ്രദേശില്‍ അധികാരത്തില്‍ വന്നത്.

നിയമസഭയില്‍ സി.പി.ഐക്ക് ഒരു എം.എല്‍.എ ഉണ്ടായിരുന്നു. എന്നാല്‍, സി.പിഎ.മ്മിന് മധ്യപ്രദേശില്‍ എം.എല്‍.എ ഉണ്ടായിരുന്നില്ലെങ്കിലും സഖ്യത്തിൻറെ ഭാഗമായിരുന്നു. 1968ല്‍ ‘സംയുക്ത വിധായക് ദള്‍’ സർക്കാർ മധ്യപ്രദേശ് നിയമസഭയില്‍ കൊണ്ടുവന്ന ‘ദ മധ്യപ്രദേശ് ധർമ സ്വാതന്ത്ര്യ അധിനിയം’ എന്ന പേരിലുള്ള മതപരിവർത്തന നിരോധന നിയമത്തെ ഇടതുപക്ഷ എം.എല്‍.എ പിന്തുണച്ചെന്നും സന്ദീപ് വാര്യർ എഫ്.ബി. പോസ്റ്റില്‍ വ്യക്തമാക്കി.

2000 നവംബർ ഒന്നിനാണ് മധ്യപ്രദേശിലെ വലിയ ജില്ലകള്‍ യോജിപ്പിച്ച്‌ ഛത്തിസ്ഗഢ് സംസ്ഥാനം രൂപീകരിച്ചത്. 1968ല്‍ മധ്യപ്രദേശ് നിയമസഭ പാസാക്കിയ മതപരിവർത്തന നിരോധന നിയമമാണ് സംസ്ഥാനം രൂപീകരിച്ചതിന് പിന്നാലെ ഛത്തിസ്ഗഢ് സംസ്ഥാനവും പിന്തുടരുന്നത്. ഈ വിവാദ നിയമത്തിൻറെ അടിസ്ഥാനത്തിലാണ് മതപരിവർത്തനം ആരോപിച്ച്‌ ഛത്തിസ്ഗഢ് പൊലീസ് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

വിവാദമായ മധ്യപ്രദേശിലെ മതപരിവർത്തനം നിരോധനം നിയമം കൊണ്ടുവന്നത് ആരാണ് ? അത് ആർഎസ്‌എസ് ഇടത് സഖ്യത്തിന്റെ ഉല്‍പന്നമാണ് എന്നതാണ് വസ്തുത. 1967ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാൻ ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളില്‍ രൂപം കൊണ്ട സഖ്യം ആയിരുന്നു സംയുക്ത വിധായക് ദള്‍. 1967ല്‍ ബീഹാർ ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഈ സഖ്യം അധികാരത്തില്‍ വന്നു. ജനസംഘവും സിപിഐയും സിപിഎമ്മും ഒരു മുന്നണിയായി രൂപാന്തരപ്പെട്ടു. മധ്യപ്രദേശില്‍ ഈ മുന്നണി സർക്കാർ ആണ് അധികാരത്തില്‍ വന്നത്. സിപിഐക്ക് ഒരു എംഎല്‍എ ഉണ്ടായിരുന്നു. സിപിഎമ്മിന് മധ്യപ്രദേശില്‍ എംഎല്‍എ ഉണ്ടായിരുന്നില്ല, എങ്കിലും സഖ്യത്തിന്റെ ഭാഗമായിരുന്നു. 1967ല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താൻ ആർഎസ്‌എസും ഇടതുപക്ഷവും ചേർന്ന് രൂപം കൊടുത്ത SVD സർക്കാരാണ് 1968ല്‍ മധ്യപ്രദേശ് അസംബ്ലിയില്‍ ദ മധ്യപ്രദേശ് ധർമ്മ സ്വാതന്ത്ര്യ അധിനിയം എന്ന പേരില്‍ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നത്. ഇടതുപക്ഷ എംഎല്‍എ ഈ നിയമത്തെ അസംബ്ലിയില്‍ പിന്തുണച്ചു.

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച ഛത്തീസ്ഗഡ് സർക്കാർ ജയിലിലടച്ച മലയാളി കന്യാസ്ത്രീകള്‍ക്ക് ഒമ്ബത് ദിവസത്തിന് ശേഷം ശനിയാഴ്ചയാണ് എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചത്. ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എ.എസ്.എം.ഐ) സന്യാസി സഭ അംഗങ്ങളായ അങ്കമാലി എളവൂർ ഇടവകയിലെ സിസ്റ്റർ പ്രീതി മേരി, കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരാണ് ജയില്‍ മോചിതരായത്.

മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നുവെന്നാണ് ഛത്തിസ്ഗഢ് പൊലീസ് കന്യാസ്ത്രീകള്‍ക്കെതിരെ ആരോപിച്ചത്. ആദിവാസി പെണ്‍കുട്ടി അടക്കം നാല് പെണ്‍കുട്ടികളുമായി ആഗ്രയിലേക്ക് പോകുമ്ബോഴാണ് ദുർഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഛത്തീസ്ഗഡ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *