നീലേശ്വരത്തെ വെടിക്കെട്ട് അപകടം; 101 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍, തൊലി ദാനം ചെയ്യാന്‍ ആളുകള്‍ തയാറാകണം

നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് 101 പേര്‍ 13 വിവിധ ആശുപത്രികളിലായി ചികിത്സയിലാണെന്ന് റവന്യു മന്ത്രി കെ.

രാജന്‍ അറിയിച്ചു. ഇതില്‍ 80 പേര്‍ വാര്‍ഡുകളിലും 21 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്. തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ളവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഏഴ് പേര്‍ വെന്റിലേറ്ററിലാണ്.

പരിക്കേറ്റവരില്‍ ആറ് പേര്‍ ചികിത്സയിലുളള കോഴിക്കോട്ടെ മിംസ് ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. രാജന്‍.

മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആറ് പേരില്‍ നാല് പേര്‍ വെന്റിലേറ്ററിലാണ്. നാലു വയസുള്ള ഒരു കുട്ടിയെ പീഡിയാട്രിക് ഐസിയുവിലേക്ക് മാറ്റി. വെന്റിലേറ്ററില്‍ ഉള്ളവരില്‍ അറുപത് ശതമാനം പൊള്ളലേറ്റവരുണ്ട്. ഇവരുടെ വിദഗ്ധ ചികിത്സയ്‌ക്കായി സ്‌കിന്‍
ഗ്രൈന്‍ഡിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുന്നു.സര്‍ക്കാരുമായി ബന്ധപ്പെട്ട് കോയമ്ബത്തൂരിലെ ആശുപത്രി, പൊള്ളല്‍ ചികില്‍സിക്കുന്ന നാഷണല്‍ ബേണ്‍ സെന്റര്‍ എന്നിവരുമായി ആശയവിനിമയം നടത്തുന്നുണ്ട്. എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി മന്ത്രി അറിയിച്ചു.

സ്‌കിന്‍ ഗ്രൈന്‍ഡിംഗിന്‌എല്ലാവിധ സൗകര്യവും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടെങ്കിലും തൊലി ദാനം ചെയ്യുന്ന രീതി കേരളത്തില്‍ ഇല്ലാത്തതിനാല്‍ ദാതാവിനെ കിട്ടാത്ത സ്ഥിതിയുണ്ട്. ഇത് കാരണം സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. തൊലി ദാനം ചെയ്യാന്‍ കേരളത്തില്‍ ആളുകള്‍ മുന്നോട്ട് വരേണ്ടതുണ്ടെന്നും മന്ത്രി ആവശ്യപ്പെട്ടു.

പരിക്കേറ്റവരുടെ ചികിത്സ നന്നായി നടക്കുന്നതായി റവന്യു മന്ത്രി അറിയിച്ചു.ഇത് സംബന്ധിച്ച്‌ പരിശോധിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തെക്കുറിച്ച്‌ പൊലീസ് തലത്തിലും കളക്ടറുടെ നിര്‍ദ്ദേശപ്രകാരം എഡിഎം തലത്തിലും രണ്ട് അന്വേഷണങ്ങള്‍ നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *