അന്ന സെബാസ്റ്റ്യൻ്റെ മരണ കാരണം ജോലിഭാരവും ഓഫിസിലെ സമ്മര്‍ദ്ദവുമെന്ന മാതാപിതാക്കളുടെ ആരോപണം തള്ളി കമ്ബനി

ഏണസ്റ്റ് ആൻഡ് യംഗ് ഇന്ത്യ ജീവനക്കാരി അന്ന സെബാസ്റ്റ്യൻ്റെ മരണ കാരണം ജോലിഭാരവും ഓഫിസിലെ സമ്മർദവുമെന്ന മാതാപിതാക്കളുടെ ആരോപണം തള്ളി കമ്ബനി.

മറ്റേതൊരു ജീവനക്കാരനെയും പോലെമാത്രമേ അന്നയ്ക്കും ജോലി നല്‍കിയിരുന്നെന്നും ജോലി സമ്മർദ്ദം കാരണം യുവതിയുടെ ജീവൻ നഷ്ടമായെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ഏണസ്റ്റ് ആൻഡ് യംഗ് ഇന്ത്യ ചെയർമാൻ രാജീവ് മേമാനി വ്യക്തമാക്കി. തങ്ങളുടെ ജീവനക്കാർ കഠിനാധ്വാനം ചെയ്യണമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങള്‍ക്ക് ഒരു ലക്ഷത്തോളം ജീവനക്കാരുണ്ട്. ഓരോരുത്തർക്കും കഠിനാധ്വാനം ചെയ്യണമെന്നതില്‍ സംശയമില്ല. നാല് മാസമേ അന്ന ഞങ്ങളോടൊപ്പം ജോലി ചെയ്തിട്ടുള്ളൂ. മറ്റേതൊരു ജീവനക്കാരനെയും പോലെ അവള്‍ക്ക് ജോലി അനുവദിച്ചു. ജോലി സമ്മർദ്ദം അവളുടെ ജീവനെടുക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ,” രാജീവ് മേമാനിയെ ഉദ്ധരിച്ച്‌ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ജോലിഭാരവും ഓഫിസിലെ സമ്മർദവുമാണ് അന്ന സെബാസ്റ്റ്യന്റെ മരണത്തിനു കാരണമെന്നും പുതിയ കോർപറേറ്റ് സംസ്കാരത്തിന്റെ ഇരയാണു മകളെന്നുമുള്ള അമ്മ അനിത അഗസ്റ്റിന്റെ കത്താണ് യുവതിയുടെ മരണം ദേശീയതലത്തില്‍ ചർച്ചയാക്കിയതും കേന്ദ്ര സർക്കാരിന്റെ ഇടപെടലിനുവരെ വഴിയൊരുക്കിയതും.

കത്തില്‍നിന്ന്:

”സ്കൂളിലും കോളജിലും ടോപ്പറായിരുന്ന മകള്‍ മികച്ച കരിയർ പ്രതീക്ഷിച്ചാണ് ഏണ്‍സ്റ്റ് ആൻഡ് യങ് കമ്ബനിയില്‍ ജോലിക്കു കയറിയത്. എന്നാല്‍, വെറും 4 മാസത്തിനുള്ളില്‍ അവള്‍ ‘ജോലിഭാരത്തിന്’ കീഴടങ്ങി. ഔദ്യോഗിക ചുമതലകള്‍ക്കു പുറമേ അധികജോലികള്‍ മാനേജർ അടിച്ചേല്‍പിച്ചു. രാത്രി വൈകിയും വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും ജോലി ചെയ്യേണ്ടിവന്നു. മിക്ക ദിവസങ്ങളിലും തീർത്തും ക്ഷീണിതയായാണ് താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നത്.

അശ്രാന്തമായി പ്രവർത്തിച്ചെങ്കിലും ജോലിഭാരവും പുതിയ അന്തരീക്ഷവും ശാരീരികമായും മാനസികമായും അവളെ ബാധിച്ചു. ഉറക്കമില്ലാത്ത അവസ്ഥയിലെത്തിച്ചു. ആളുകളെയോ പ്രാദേശിക ഭാഷയോ അറിയാത്ത പുതിയ നഗരത്തില്‍ പൊരുത്തപ്പെടാൻ പാടുപെടുന്ന പുതിയ ജീവനക്കാരിയായ അവള്‍ക്ക് ഒരു പരിഗണനയും ലഭിച്ചില്ല.

ഇൗ കോർപറേറ്റ് തൊഴില്‍ സംസ്കാരമാണ് മകളുടെ ആരോഗ്യം നശിപ്പിച്ചതും മരണത്തിലേക്കു തള്ളിവിട്ടതും. ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. മറ്റാർക്കും ഈ ഗതി ഉണ്ടാകരുത്.”

ഈ വർഷം മാർച്ചില്‍ പുണെയില്‍ ജോലിക്കു ചേർന്ന അന്ന ജൂലൈ 20നാണ് മരിച്ചത്. ജൂലൈ ആറിന് അന്നയുടെ സിഎ ബിരുദസമർപ്പണച്ചടങ്ങിനു പുണെയിലെത്തിയ താനും ഭർത്താവും അവളുടെ മോശം അവസ്ഥ കണ്ട് ഞെട്ടിയെന്ന് അമ്മ കത്തില്‍ സൂചിപ്പിക്കുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ അന്നയ്ക്ക് ആവശ്യമായ ഉറക്കം കിട്ടുന്നില്ലെന്നാണ് പറഞ്ഞത്.

ദീർഘനേരത്തെ ജോലി കാരണം മിക്ക ദിവസവും രാത്രി വൈകിയും പുലർച്ചെയുമൊക്കെയാണ് അന്ന താമസസ്ഥലത്തെത്തിയിരുന്നത്. പലപ്പോഴും വേഷം മാറ്റാൻ പോലും കഴിയാതെ കിടക്കയിലേക്ക് ക്ഷീണിച്ചുവീഴുന്ന അവസ്ഥയായിരുന്നു. ബിരുദസമർപ്പണ ദിവസം പോലും വീട്ടിലിരുന്ന് ദീർഘനേരം അവള്‍ക്ക് ജോലി ചെയ്യേണ്ടി വന്നതായും തങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാൻ മകള്‍ക്കു കഴിയാതെ പോയതായും അമ്മ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *