സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് പുലർച്ചെയുണ്ടായ അതിശക്തമായ കാറ്റിലും മഴയില്‍ വ്യാപക നാശനഷ്ടം.
പലയിടത്തും കാറ്റിനെ തുടർന്ന് റെയില്‍വേ ട്രാക്കുകളില്‍ മരങ്ങള്‍ വീണതിനാല്‍ ട്രെയിനുകള്‍ വൈകിയോടുകയാണ്. ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും ഉള്ള ട്രെയിനുകളാണ് ബാധിക്കപ്പെട്ടത്. പിന്നീട് മരങ്ങള്‍ മുറിച്ചുമാറ്റിയാണ് പലയിടത്തും ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.
ആലപ്പുഴയില്‍ ഉള്‍പ്പെടെ ശക്തമായ കാറ്റും മഴയും പുലർച്ചെ ഉണ്ടായി. തുറവൂരില്‍ കാറിന് മുകളില്‍ മരം വീഴുകയുണ്ടായി. ജില്ലയില്‍ കനത്ത മഴയ്ക്കൊപ്പം അസാധാരണമായ വേഗത്തില്‍ കാറ്റു വീശുന്നുണ്ട്. കരുമാടി, പുറക്കാട് മേഖലകളില്‍ മരം വീണു. ഹരിപ്പാട്, മണ്ണഞ്ചേരി, പാതിരപ്പള്ളി, ചേർത്തല, തിരുവിഴ എന്നിവിടങ്ങളിലും കാറ്റില്‍ മരങ്ങള്‍ കടപുഴകി.
ചെങ്ങന്നൂർ മുളക്കുഴ, ചെറിയനാട് എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ മരങ്ങള്‍ വീണു. തുറവൂരിന് പുറമേ മറ്റിടങ്ങളിലും മരം കടപുഴകി വീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചതായി റിപ്പോർട്ടുകള്‍ വരുന്നുണ്ട്. ചെറിയനാട് കടയ്ക്ക് മുകളിലും കായംകുളത്ത് വീടിന് മുകളിലും മരങ്ങള്‍ വീണ് കാര്യമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.തീരദേശ മേഖലയിലും ശക്തമായ കാറ്റ് വീശി.
കൊല്ലം ഓച്ചിറയ്ക്കടുത്ത് ട്രാക്കില്‍ മരം വീണതോടെയാണ് എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ പിടിച്ചിട്ടത്. പാലരുവി എക്സ്പ്രസ് ഓച്ചിറയില്‍ പിടിച്ചിടുകയായിരുന്നു. ആലപ്പുഴ തകഴിക്കടുത്ത് മരം വീണതോടെ കൊല്ലം-ആലപ്പുഴ ട്രെയിൻ ഹരിപ്പാട് പിടിച്ചിടേണ്ടി വന്നിരുന്നു. നിസാമുദ്ദീൻ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് കൊല്ലം സ്റ്റേഷനിലും പിടിച്ചിട്ടു.
കോട്ടയത്തും കാര്യമായ നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുമരകം,കോട്ടയം ഭാഗങ്ങളില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയില്‍ ഇടവിട്ട ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. കുമരകത്തെ ഗ്രാമീണ റോഡുകളില്‍ മരം വീണതോടെ ഗതാഗത തടസമുണ്ടായി. നിലവില്‍ എംസി റോഡില്‍ ഗതാഗത തടസമില്ല.