തൊഴിലുറപ്പ് പദ്ധതിയില്‍ അടുത്ത സാമ്ബത്തിക വർഷത്തേക്കുള്ള പുതുക്കിയ വേതനം വിജ്ഞാപനം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് അനുമതി നല്കി.
ഒരാഴ്ചകയ്ക്കം പുതുക്കിയ വേതനത്തിന്റെ വിജ്ഞാപനം ഇറങ്ങും.
സാമ്ബത്തിക വർഷത്തിന്റെ തുടക്കത്തില്‍ ബാധകമാകുന്ന തരത്തില്‍ മാർച്ചിലാണ് കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതിക്കുള്ള പുതുക്കിയ വേതനം പ്രഖ്യാപിക്കാറ്. ഇക്കുറി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ കേന്ദ്രം അനുമതിക്കായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു.
2005-ലെ തൊഴിലുറപ്പ് നിയമ പ്രകാരം പണപ്പെരുപ്പം, ഉപഭോക്തൃ സൂചിക തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് സംസ്ഥാനം തിരിച്ചുള്ള വേതനമാണ് കേന്ദ്രം നിശ്ചയിക്കുന്നത്. 2023 മാർച്ച് 25ന് 5-6 ശതമാനം വർദ്ധനവോടെയാണ് വേതനം വിജ്ഞാപനം ചെയ്തത്. ഇക്കുറി 7 ശതമാനം വർദ്ധനവുണ്ടായേക്കും.
വേതന നിരക്കുകളില്‍ കാലോചിതമായ വർദ്ധന വേണമെന്ന് കഴിഞ്ഞ മാസം ഡി.എം.കെ നേതാവ് കനിമൊഴി അദ്ധ്യക്ഷയായ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.
നടപ്പ് സാമ്ബത്തിക വർഷം ഇതുവരെ ആറ് കോടി ഗ്രാമീണ കുടുംബങ്ങള്‍ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി. ഇതില്‍ 35.5 ലക്ഷം കുടുംബങ്ങള്‍ 100 ദിവസം ജോലി പൂർത്തിയാക്കി.