പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിലെ കോടതി വിധി വിശദമായി പരിശോധിച്ച ശേഷം അപ്പീല്‍ പോകുന്നതിനാവശ്യമായ കാര്യങ്ങള്‍ പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്ന് സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി പി.സന്തോഷ് വ്യക്തമാക്കി. വിധിപ്പകർപ്പ് പൂർണ്ണമായി ലഭിച്ച ശേഷം കാര്യങ്ങള്‍ പഠിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തളിപ്പറമ്പ് അഡീഷണല്‍ സെഷൻസ് കോടതി കേസില്‍ 16 പ്രതികളെ വെറുതെവിടുകയും ആദ്യ മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തതിന് പിന്നാലെയാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പ്രതികരണം. രാഷ്ട്രീയ കൊലപാതകമാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കോടതി നിരീക്ഷണവും പ്രതികളെ വെറുതെവിട്ടതും പാർട്ടി ഗൗരവത്തോടെ പരിശോധിക്കും. ശിക്ഷാവിധി കൂടി വന്ന ശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടികള്‍ സ്വീകരിക്കാനാണ് പാർട്ടിയുടെ തീരുമാനം.
അതേസമയം പയ്യന്നൂരിലെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ടി.പി. ബിജു, എം. വൈശാഖ്, എം. വിപിൻ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. എം.വിപിനും, എം. വൈശാഖും സഹോദരങ്ങളാണ്. നാലു മുതല്‍ 20 വരേയുള്ള പ്രതികളെ വെറുതെവിട്ടു.
തളിപ്പറമ്പ് അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് ആണ് വിധിപറഞ്ഞത്. 20 ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായിരുന്നു കേസില്‍ പ്രതികള്‍. 12-ാം പ്രതിയായ സി.ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടിരുന്നു. 19 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. പത്തുവർഷത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്.
