പാങ്ങപ്പാറയിലെ 17 വയസുകാരന്റെ കൊലപാതകം ആസൂത്രിതമെന്ന കണ്ടെത്തലില്‍ പൊലീസ്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പരുത്തിപ്പാറ എന്‍എസ്എസ് ഹൈസ്കൂള്‍ വിദ്യാര്‍ഥി അഭിരാമിനെയല്ല കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചതെന്നും, മറ്റൊരു കുട്ടിയെ അഭിരാം വഴി വിളിച്ചുവരുത്താനാണ് ശ്രമിച്ചതെന്നും കേസിലെ പ്രധാന പ്രതിയായ 17 കാരന് തെളിവെടുപ്പിനിടെ വെളിപ്പെടുത്തിയിരുന്നു.
അഭിരാമുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രതിയായ 17കാരന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. നിലവില്‍ മൂന്നു പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്തായ 17കാരന് ആണ് കേസിലെ പ്രധാന പ്രതി. പ്രതിയെ ഇന്നലെ തന്നെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് ഫോറെന്‍സിക് പരിശോധനകളും പൂര്‍ത്തിയായിട്ടുണ്ട്.
പുലര്‍ച്ചയോടെ കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ്. മറ്റൊരു പ്രതിയായ ഉമര്‍ കാപ്പ കേസ് പ്രതിയാണ്.
