ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി, റിമാൻഡ് തുടരും

വീട്ടിൽ അനുവദനീയമായ അളവിൽ കൂടുതലായി മദ്യം സൂക്ഷിച്ചെന്ന അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി. സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളി. നിലവിൽ 14 ദിവസത്തെ റിമാൻഡിൽ മാനന്തവാടി ജില്ലാ ജയിലിലാണ് ആന്റോ അഗസ്റ്റിൻ.

മുട്ടിൽ സൗത്ത് വില്ലേജിലുള്ള ആന്റോ അഗസ്റ്റിന്റെ കുടുംബവീട്ടിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് 138 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 67 ലിറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തത്. അനുവദനീയമായ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചെന്നാരോപിച്ചാണ് അബ്കാരി നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്.

പിടിച്ചെടുത്ത മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നാണ് എക്സൈസ് കോടതിയെ അറിയിച്ചത്. എന്നാൽ പിടിച്ചെടുത്തത് വ്യാജമദ്യമല്ലെന്നും വീട്ടിൽ നിർമിച്ച വൈനാണെന്നുമായിരുന്നു ആന്റോ അഗസ്റ്റിന്റെ വാദം.

മദ്യം പിടികൂടിയ വീട് തന്റെ പേരിലല്ലെന്നും കോടതി ജപ്തി നടപടികൾ നേരിടുന്ന വീടാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായും ആന്റോ അഗസ്റ്റിൻ കോടതിയെ അറിയിച്ചു.

അതേസമയം, ഏറ്റവും ഒടുവിൽ നികുതി അടച്ച രേഖകൾ പ്രകാരം വീട് ഇപ്പോഴും ആന്റോ അഗസ്റ്റിന്റെ ഉടമസ്ഥതയിലാണെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത്.

ജാമ്യാപേക്ഷ കോടതി തള്ളിയതോടെ കേസിൽ ആന്റോ അഗസ്റ്റിന്റെ റിമാൻഡ് തുടരുകയാണ്. പിടിച്ചെടുത്ത മദ്യത്തിന്റെ സ്വഭാവം, വീട്ടിന്റെ ഉടമസ്ഥാവകാശം തുടങ്ങിയ വിഷയങ്ങളാണ് കേസിലെ പ്രധാന വാദപ്രതിവാദങ്ങളിൽ ഉൾപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *