നാലുമാസത്തിനിടെ ₹5 കോടിയുടെ എംഡിഎംഎ ഇടപാടുകൾ; നഴ്‌സിങ് വിദ്യാർഥിനി ഉൾപ്പെടെ രണ്ടുപേർ നോയിഡയിൽ അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ ഒരുകിലോ എംഡിഎംഎ പിടികൂടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. നിലമ്പൂർ ചോക്കാട് സ്വദേശി അജ്മലിനെയും നഴ്‌സിങ് വിദ്യാർഥിനിയായ മലയിൻകീഴ് സ്വദേശി സൂര്യയെയും കോഴിക്കോട് പൊലീസ് നോയിഡയിലെ ഫ്ലാറ്റിൽനിന്നാണ് പിടികൂടിയത്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ആവശ്യക്കാരിൽനിന്ന് പണം വാങ്ങിയ ശേഷം എംഡിഎംഎ എത്തിച്ചുനൽകുന്നതായിരുന്നു സംഘത്തിന്റെ രീതിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികൾ താമസിച്ചിരുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ, നിരവധി ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ, പാൻ കാർഡുകൾ, നോട്ടെണ്ണൽ യന്ത്രം, ഇലക്ട്രോണിക് ത്രാസ് എന്നിവയും പൊലീസ് പിടിച്ചെടുത്തു.

നഴ്‌സിങ് പഠനത്തിനായി ബെംഗളൂരുവിൽ പോയി; പിന്നീട് നോയിഡയിൽ

ബെംഗളൂരുവിൽ നഴ്‌സിങ് പഠനത്തിനായി പോയ സൂര്യ ഏറെനാളായി അജ്മലിനൊപ്പം നോയിഡയിൽ താമസിച്ചുവരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇരുവരും ചേർന്ന് നാല് മാസത്തിനിടെ ഏകദേശം അഞ്ച് കോടി രൂപയുടെ എംഡിഎംഎ ഇടപാടുകൾ നടത്തിയതായും പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ലഹരിമരുന്ന് വിതരണ ശൃംഖലയുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

മൊബൈൽ ഫോൺ വിവരങ്ങൾ നിർണായകമായി

മൂന്ന് മാസം മുൻപാണ് കോഴിക്കോട് പന്തീരാങ്കാവിൽ ഒരുകിലോ എംഡിഎംഎയുമായി മൂന്നുപേരെ പൊലീസ് പിടികൂടിയത്. കേസിന്റെ തുടരന്വേഷണത്തിലാണ് കൂടുതൽ പ്രതികളിലേക്ക് അന്വേഷണം എത്തിയത്.

നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അജ്മലിലേക്കും സൂര്യയിലേക്കും എത്തിയത്. തുടർന്ന് നോയിഡയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

ലഹരിമരുന്ന് വിതരണ ശൃംഖലയിലെ കൂടുതൽ കണ്ണികളെക്കുറിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ സൂചന.

Leave a Reply

Your email address will not be published. Required fields are marked *