കോഴിക്കോട്: വിശാല സംസ്ഥാന സമിതിക്ക് മുന്നോടിയായി പാർട്ടിക്കുള്ളിലെ വിഭാഗീയ നീക്കങ്ങൾ നിയന്ത്രിക്കാൻ തിരക്കിട്ട നീക്കവുമായി സിപിഎം സംസ്ഥാന നേതൃത്വം. നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരാൻ സാധ്യതയുള്ള ജില്ലകളിലെ പ്രധാന നേതാക്കളുമായി നേരിട്ട് ബന്ധപ്പെട്ട് സമവായത്തിനുള്ള ശ്രമങ്ങളാണ് സംസ്ഥാന നേതൃത്വം നടത്തുന്നത്.
സ്ഥാനാർഥി നിർണയത്തിലുണ്ടായ പാളിച്ചകൾ ഉൾപ്പെടെ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് ചർച്ചയാകുന്നതോടെ പാർട്ടിയിൽ സംഘടനാപരമായ മാറ്റങ്ങൾക്ക് ആവശ്യം ശക്തമാകുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.
പാർട്ടിയിൽ അടിമുടി പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്താൻ സാധ്യതയുണ്ട്. എന്നാൽ ഈ നീക്കം നിലവിലെ നേതൃത്വത്തിനെതിരായ തുറന്ന കലാപമായി മാറാതിരിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം.
മൂന്ന് ദിവസം നിർണായക ചർച്ച
കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേർന്നുള്ള ഓഡിറ്റോറിയത്തിലാണ് വരുന്ന ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിശാല സംസ്ഥാന സമിതി ചേരുന്നത്.
സംസ്ഥാന സമിതി അംഗങ്ങൾക്ക് പുറമെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, വർഗ-ബഹുജന സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും. ഏകദേശം 300ഓളം പ്രതിനിധികൾ വിശാല സംസ്ഥാന സമിതിയുടെ ഭാഗമാകും.
കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ, സംഘടനാ തലത്തിലെ വീഴ്ചകൾ, സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ചയായേക്കും.
നേതൃത്വത്തിന് മുന്നിലുള്ളത് സമവായത്തിന്റെ വെല്ലുവിളി
കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യുമ്പോൾ നേതൃത്വത്തിനെതിരെ ഉയർന്നേക്കാവുന്ന വിമർശനങ്ങളുടെ തീവ്രത കുറയ്ക്കുകയും സംഘടനയ്ക്കുള്ളിലെ അഭിപ്രായ ഭിന്നതകൾ വലിയ രാഷ്ട്രീയ പ്രതിസന്ധിയായി മാറാതിരിക്കുകയും ചെയ്യുകയാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രധാന ലക്ഷ്യം.
ഇതിനായാണ് വിമർശനങ്ങൾക്ക് സാധ്യതയുള്ള മേഖലകളിലെ നേതാക്കളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതെന്നാണ് സൂചന. വിശാല സംസ്ഥാന സമിതിയിലെ ചർച്ചകൾ പാർട്ടിയുടെ സംഘടനാ ഭാവിയിലും നേതൃത്വത്തിന്റെ തുടർനടപടികളിലും നിർണായക സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം.
