‘കാന്തപുരം ഉസ്താദിനെ തിരുത്തുന്നതിന് പകരം പിണറായി സഖാവിനെ തിരുത്തണം’: പി വി അൻവര്‍

സ്ത്രീകള്‍ പൊതുരംഗത്തേക്ക് ഇറങ്ങുന്നത് സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനയെ പിന്തുണച്ച്‌ പി.വി.അൻവർ. ഈ വിഷയത്തെ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാൻ ചർച്ചയാക്കി ഉയർത്തിക്കൊണ്ടു വരുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണെന്നും വിഷയ ദാരിദ്ര്യം ഉണ്ടാകുമ്പോള്‍ ഇടപെടാനുള്ളതല്ല സാമുദായിക വിഷയങ്ങളെന്നും പി.വി. അൻവർ പറഞ്ഞു.

എ കെ ബാലന്റെ ഖുർആർ പഠനം എവിടെവരെ ആയെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും കാന്തപുരം ഉസ്താദിനെ തിരുത്തുന്നതിന് പകരം പിണറായി സഖാവിനെ തിരുത്തണമെന്നും പി വി അൻവർ ഫെയ്സ്ബുക്കില്‍ പരാമർശിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പണ്ഡിതരുടെയും പണ്ഡിത സഭകളുടെയും ജോലി എന്താണ്? മതപരമായ വിശ്വാസങ്ങളെയും,മൂല്യങ്ങളെയും സംരക്ഷിക്കുക. അതാതു സമുദായ അംഗങ്ങള്‍ക്ക് ആത്മീയമായ ദിശാബോധം നല്‍കുക. അവരവരുടെ സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടുക തുടങ്ങിയവയെല്ലാമാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം തന്നെയാണ് ബഹുമാന്യനായ കാന്തപുരം ഉസ്താതും നടത്തിയിട്ടുള്ളത്. ഉസ്താദിന്റെയും ഉസ്താദിന്റെ പ്രസ്ഥാനത്തിന്റെയും മേഖല ആത്മീയമാണ് എന്നിരിക്കെ ഈ അഭിപ്രായ പ്രകടനത്തിന് ഉസ്താദിന് തികച്ചും അവകാശവും അധികാരവും ഉണ്ട്. മാത്രമല്ല ഇത് തികച്ചും വിശ്വാസികളോടും പണ്ഡിതസഭയോടും നടത്തിയ ഒരു ഉദ്ബോധനമാണ് എന്നിരിക്കെ ഈ വിഷയത്തെ പർവ്വതീകരിച്ച്‌ അതില്‍ അവസരം കണ്ടെത്തി ഇടപെടാനുള്ള രാഷ്ട്രീയമായ നീക്കങ്ങള്‍ തികച്ചും അപലപനീയമാണ്.

യുദ്ധരംഗത്ത് പോലും ഇടപെട്ട വനിതകള്‍ ഇസ്ലാമിക ചരിത്രത്തിൻറെ ഭാഗമാണ്. സമകാലിക സാഹചര്യത്തില്‍ കേരളത്തിലും മലബാറിലും വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഈ സമുദായത്തിലെ വനിതകള്‍ അടക്കം നേടിയെടുത്ത പുരോഗതിക്ക് ഉസ്താദും ഉസ്താദിന്റെ പ്രസ്ഥാനവും വഹിച്ച പങ്കും നിസ്തുലമാണ്. ഈ വിഷയത്തെ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാൻ ചർച്ചയാക്കി ഉയർത്തിക്കൊണ്ടു വരുന്നവരുടെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്. തിരഞ്ഞെടുപ്പില്‍ അമ്പെ പരാജയപ്പെട്ടവർ വിഷയ ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ ഇടപെടാനുള്ളതല്ല സാമുദായികമായ വിഷയങ്ങള്‍ എന്നോർക്കുന്നത് നല്ലതാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വർഗീയ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഒരു സമുദായിക നേതാവിനെ മാലയും തലപ്പാവും അണിയിച്ചവരാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെട്ട് സംസാരിക്കുന്നത് എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

അതുപോലെ, എ കെ ബാലൻ സഖാവിന്റെ ഖുർആൻ പഠനം ശരിയായ രീതിയില്‍ അല്ല എന്നുവേണം അനുമാനിക്കാൻ. അദ്ദേഹത്തിന്റെ ഖുർആൻ പഠനം എവിടം വരെ എത്തിയെന്ന് അറിയാനും എനിക്ക് കൗതുകകരമായ ആകാംക്ഷയുണ്ട്. മാത്രമല്ല ഖുർആൻ പഠിച്ചുകഴിഞ്ഞെങ്കില്‍ തല്‍ക്കാലം കാന്തപുരം ഉസ്താദിനെ തിരുത്തുന്നതിന് സമയം കണ്ടെത്തുന്നതിന് പകരം അദ്ദേഹം സമയം കണ്ടെത്തേണ്ടത് പിണറായി സഖാവിനെ തിരുത്താൻ തന്നെയാണ്. കേരളത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ആവശ്യപ്പെടുന്നതും അതാണ്- എന്നാണ് കുറിപ്പ്.

സ്ത്രീകള്‍ പൊതുരംഗത്തേക്ക് ഇറങ്ങിയാല്‍ അത് വലിയ നാശത്തിന് കാരണമാകുമെന്നും ആ അപകടം ഒഴിവാക്കാനാണ് ഇസ്‌ലാം മതം പർദ്ദ സമ്പ്രദായം നിശ്ചയിച്ചതെന്നുമായിരുന്നു കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാറുടെ പരാമർശം. സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും ഇസ്‌ലാം മതത്തെക്കുറിച്ച്‌ വിപുലമായും ആഴത്തിലും പഠിച്ച വ്യക്തിയെന്ന നിലയില്‍ മുസ്‌ലിം സമുദായ കാര്യങ്ങളില്‍ സംസാരിക്കാനും നിലപാടുകള്‍ വ്യക്തമാക്കാനും തനിക്ക് പൂർണ അധികാരമുണ്ടെന്നും കാന്തപുരം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *