വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇന്നും തിരച്ചില്‍ തുടരുന്നു

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇന്നും തിരച്ചില്‍ തുടരുന്നു. കണ്‍സ്ട്രക്ഷൻ മാനേജരായ വിക്രം റാണയെ ആണ് ഇനി കണ്ടെത്താനുള്ളത്.

രണ്ടാം സോണും പുഴയും കേന്ദ്രീകരിച്ച്‌ തന്നെയാണ് ഇന്ന് പരിശോധന നടക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് വരെ ദുരന്തമേഖലയില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. അഞ്ചാം ദിനം ഒന്നും രണ്ടും സോണുകള്‍ വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

ഏഴ് പേരുടെ ജീവനെടുത്ത കള്ളാടി ദുരന്തം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു. ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, കരാറുകാർ കരാർ വ്യവസ്ഥകള്‍ പാലിച്ചു എന്ന് പരിശോധിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ നല്‍കിയ പരിസ്ഥിതി അനുമതികള്‍ വിലയിരുത്തുക തുടങ്ങിയവയാണ് സർക്കാർ നിയോഗിച്ച അഞ്ചംഗസമിതിയുടെ ചുമതലകള്‍. ഭൗമ ശാസ്ത്രജ്ഞൻ ഡോ. സി പി രാജേന്ദ്രൻ നയിക്കുന്ന സമിതിയാണ്.

വരും ദിവസങ്ങളില്‍ സമിതി ദുരന്ത സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കും. ഒരുമാസമാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായി സർക്കാർ, സമിതിക്ക് അനുവദിച്ചിരിക്കുന്ന സമയം. കള്ളാടി തുരങ്ക നിർമാണത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ വീഴ്ചകള്‍, സാങ്കേതിക പിഴവുകള്‍, പരിസ്ഥിതി അനുമതികളുടെ പാലനം എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ ഈ റിപ്പോർട്ടിലൂടെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *