നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്ക്ക് വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

കണ്ണൂര്‍ എ ഡി എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

നവീന്‍ ബാബുവിന്റെ മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനമായി.

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ നവീന്‍ ബാബുവിന്റെ കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിച്ചിരുന്നില്ല. പുതിയ സര്‍ക്കാര്‍ വന്നതിന് പിന്നാലെ നവീന്‍ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം സി ബി ഐയ്ക്ക് വിടാന്‍ തീരുമാനിച്ചത്

നവീന്‍ ബാബുവിന്റെ മരണത്തില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നേരത്തെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹര്‍ജിയിലായിരുന്നു ഉത്തരവ്. കഴിഞ്ഞ ദിവസം തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചിരുന്നു.

2024 ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എത്തുകയും കലക്ടര്‍ അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് നവീന്‍ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. കേസില്‍ പി പി ദിവ്യ മാത്രമാണ് പ്രതി.

Leave a Reply

Your email address will not be published. Required fields are marked *