മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ താല്പര്യം കൂടി പരിഗണിച്ചാകുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്.
ഇപ്പോള്‍ മാധ്യമങ്ങളില്‍ നടക്കുന്നത് അനാവശ്യ ചര്‍ച്ചകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത് ശക്തമായ ഭരണവിരുദ്ധ വികാരമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വി.ഡി. സതീശന്‍ നയിച്ച ‘പുതുയുഗയാത്ര’യ്ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതികരണം. ‘കോണ്‍ഗ്രസ് ഭൂമി’യിലെ ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക തടസ്സങ്ങള്‍ നീക്കി ഉടന്‍ ആരംഭിക്കുമെന്നും പറഞ്ഞു. മുതിര്‍ന്ന നേതാവ് എം.എം. ഹസ്സനും പ്രതികരണവുമായി രംഗത്തെത്തി.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന്റെ മുന്‍പത്തെ കണക്കുകൂട്ടലുകള്‍ ശരിവെക്കുന്നതാണെന്ന് എം.എം. ഹസ്സന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍കൂട്ടി തയ്യാറാക്കിയ സത്യപ്രതിജ്ഞാ പന്തലില്‍ യുഡിഎഫ് മന്ത്രിമാര്‍ അധികാരമേല്‍ക്കുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്. എല്‍ഡിഎഫ് ഭരണത്തെ താഴെയിറക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പാര്‍ട്ടിയില്‍ ഇപ്പോള്‍ ചര്‍ച്ചകളില്ല. ഭൂരിപക്ഷം ഉറപ്പാക്കിയ ശേഷം ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനമെടുക്കും.
വി.ഡി. സതീശന് മുസ്ലിം ലീഗ് പിന്തുണ നല്‍കുന്നകാര്യം ലീഗിനോട് തന്നെ ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന ആവേശം ഉള്‍ക്കൊണ്ട്, ഹൈക്കമാന്‍ഡിന്റെ മേല്‍നോട്ടത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്.
