ചെയ്തതൊക്കെ മതി! ലെബനനെ ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രയേലിനെ വിലക്കി ട്രംപ്; സമാധാന കരാര്‍ ഉടൻ?

ലെബനനില്‍ ഇസ്രയേല്‍ നടത്തിവരുന്ന ബോംബാക്രമണങ്ങള്‍ ഇനി തുടരരുതെന്ന് കർശന നിർദ്ദേശം നല്‍കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

“ഇസ്രയേല്‍ ഇനി ലെബനനില്‍ ആക്രമണം നടത്തില്ല, ഞങ്ങള്‍ അവരെ അതില്‍ നിന്ന് വിലക്കിയിരിക്കുന്നു. ചെയ്തതൊക്കെ മതി എന്നായിരുന്നു ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. നിലവില്‍ വ്യാഴാഴ്ച രാത്രി മുതല്‍ പ്രാബല്യത്തില്‍ വന്ന 10 ദിവസത്തെ വെടിനിർത്തല്‍ തുടരുകയാണ്. ഇതിനിടെ റോക്കറ്റ്, ഡ്രോണ്‍ ഭീഷണികളെ നേരിടാൻ പ്രത്യേക പദ്ധതികളുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.

ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും മിക്ക വ്യവസ്ഥകളിലും ധാരണയായതായും ട്രംപ് വെളിപ്പെടുത്തി. ഇറാനുമായി അമേരിക്കൻ നടത്തുന്ന കരാർ ലെബനനെ ബാധിക്കില്ലെന്നും ഹിസ്ബുള്ളയെ നേരിടാൻ പ്രത്യേക സംവിധാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനില്‍ നിന്ന് ആണവ വസ്തുക്കള്‍ തിരികെ ലഭിക്കുമെന്നും എന്നാല്‍ പകരമായി പണം നല്‍കില്ലെന്നുമാണ് അമേരിക്കയുടെ നിലപാട്. 2018-ല്‍ ഇറാൻ ആണവ കരാറില്‍ നിന്ന് പിന്മാറിയ ട്രംപ്, ഇറാനെ ആണവായുധങ്ങള്‍ നേടുന്നതില്‍ നിന്ന് തടയുക എന്നതാണ് ഈ നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിനെ ട്രംപ് സ്വാഗതം ചെയ്തു. വെടിനിർത്തല്‍ കാലയളവില്‍ ഗതാഗതം സുഗമമാക്കാൻ ഇറാൻ സമ്മതിച്ചിട്ടുണ്ട്. ആഗോള എണ്ണ വിതരണത്തെ ബാധിച്ച പ്രതിസന്ധിക്ക് ഇതോടെ താല്‍ക്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെ, ഇസ്രയേലിന് മേല്‍ അമേരിക്ക ചെലുത്തുന്ന സമ്മർദ്ദം പശ്ചിമേഷ്യൻ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കും വഴിതെളിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *