പബ്ലിക് റിലേഷൻസ് വകുപ്പില്‍ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ നിയമനത്തിനായി പി. എസ്. സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തത് പിൻവാതില്‍ നിയമനം മൂലമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.
റാങ്ക് ലിസ്റ്റിലുള്ളവർ സമർപ്പിച്ച പരിചയ സർട്ടിഫിക്കറ്റുകളുടെ സാധുത ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ.
തിടുക്കത്തില്‍ തയാറാക്കിയ ഇത്തവണത്തെ ലിസ്റ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധുവും കണ്ണൂരില്‍നിന്നുള്ള ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയുമുണ്ട്. അതുപോലെ പലരും.
മുഖ്യമന്ത്രി ഭരിക്കുന്ന പബ്ലിക് റിലേഷൻസ് വകുപ്പിലാണു പുതിയ തട്ടിപ്പ്. രാഷ്ട്രീയ ശുപാർശയില്‍ പിആർഡിയുടെ എംപാനല്‍മെന്റ് ലിസ്റ്റില്‍ കയറിപ്പറ്റിയ പ്രദേശിക വാർത്താ ശേഖരണത്തിനുള്ള പ്രിസം പദ്ധതിക്കാരെ താല്‍ക്കാലിക ജീവനക്കാരെന്ന പരിചയ സർട്ടിഫിക്കറ്റ് നല്‍കിയാണ് പിആർഡി പരീക്ഷയ്ക്ക് യോഗ്യരാക്കിയത്. ഇങ്ങനെ സർട്ടിഫിക്കറ്റ് നല്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു.സർട്ടിഫിക്കറ്റുകളുടെ നിയമസാധുതയാണ് ട്രിബ്യൂണലില്‍ ചോദ്യം ചെയ്യപ്പെട്ടത്.
തൊട്ടുമുമ്പുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി 2024 ജൂണിലാണ് അവസാനിച്ചത്. എന്നാല്‍ ഈ റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമന നടപടി പൂർത്തിയാകുംമുമ്പ,് ഒരു വേക്കൻസിപോലും റിപ്പോർട്ട് ചെയ്യാതെ തന്നെ 2023 ഡിസംബർ 30ന് പുതിയ അപേക്ഷ ക്ഷണിച്ചു. പിആർഡിയുടെ പ്രതിനിധികളില്ലാതെ പിഎസ് സി ഇന്റർവ്യൂ നടത്തി. 2026 ഫെബ് 25ന് ലിസ്റ്റ് തയാർ ! സാധാരണ ഗതിയില്‍ നാലോ അഞ്ചോ വർഷം എടുക്കാറുള്ള പ്രക്രിയയ്ക്ക് ഭരണം തീരുംമുൻപേ വേണ്ടി വന്നത് ഒരു വർഷവും രണ്ടു മാസവും മാത്രം !
പിൻവാതില്‍ നിയമനത്തില്‍ നിരാശരായ ഉദ്യോഗാർഥികളുടെ ചുടുകണ്ണീരില്‍ ഈ സർക്കാർ വെന്തുരുകും. അവരുടെ കണ്ണീരിനു വിലയുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തില്‍ വരുമ്പോള്‍ പിആർഡി അസി. ഇൻഫർമേഷൻ ലിസ്റ്റ് ഉള്‍പ്പെടെ എല്ലാ അനധികൃത -പിൻവാതില്‍ നിയമനങ്ങളും കർശനമായി പുനഃ പരിശോധിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
