“വിദേശനയത്തിലെ വൈരുദ്ധ്യങ്ങള്‍ പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യണം”: സോണിയ ഗാന്ധി

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലും ഇറാൻ പ്രതിസന്ധിയിലും കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനത്തിനെതിരെ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്.

ഇന്ത്യയുടെ വിദേശനയത്തില്‍ പ്രകടമാകുന്ന അസ്വാഭാവികമായ മാറ്റങ്ങളും വൈരുദ്ധ്യങ്ങളും പാർലമെന്റില്‍ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിദേശനയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ പാർലമെന്റില്‍ അത് ചർച്ച ചെയ്യാത്തത് ജനാധിപത്യവിരുദ്ധമാണെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. പശ്ചിമേഷ്യൻ പ്രതിസന്ധിയില്‍ ഇന്ത്യയുടെ നിലപാട് എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

മുൻകാലങ്ങളില്‍ അന്താരാഷ്ട്ര വിഷയങ്ങളില്‍ വ്യക്തമായ നിലപാടെടുത്തിരുന്ന ഇന്ത്യ, ഇപ്പോള്‍ പ്രധാനപ്പെട്ട പല കാര്യങ്ങളിലും നിശബ്ദത പാലിക്കുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.

ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ടതും തുടർന്നുണ്ടായ യുദ്ധസാഹചര്യവും ലോകക്രമത്തെ തന്നെ മാറ്റുന്നതാണ്. ചർച്ചകള്‍ നടന്നുകൊണ്ടിരിക്കെ ഒരു രാഷ്ട്രത്തലവൻ വധിക്കപ്പെടുന്നത് അന്താരാഷ്ട്ര ബന്ധങ്ങളിലെ വലിയൊരു വിള്ളലാണെന്നും അവർ ആവർത്തിച്ചു. ഇന്ത്യയുടെ ഊർജ സുരക്ഷയെയും ലക്ഷക്കണക്കിന് പ്രവാസികളെയും നേരിട്ട് ബാധിക്കുന്ന വിഷയമായതിനാല്‍, ഈ വിഷയത്തില്‍ സർക്കാർ പുലർത്തുന്ന ‘അനക്കമില്ലായ്മ’ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *