വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംസ്ഥാന സർക്കാർ അനുമതിയോടെ മാത്രമേ സ്കൂളുകള്‍ക്ക് പ്രവർത്തിക്കാനാവൂവെന്ന് ഹൈകോടതി.
നിയമത്തിലെ 18-ാം വകുപ്പ് പ്രകാരം മത പഠനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായാലും സർക്കാർ അനുമതിയോടെയല്ലാതെ പ്രവർത്തിക്കാനാവില്ല. തൃശൂർ പുന്നയൂർ വടക്കേകാട് പ്രവർത്തിക്കുന്ന മഅ്ദിൻ നോളജ് ഗാർഡൻ പബ്ലിക് സ്കൂളിൻറെ പ്രവർത്തനം തടയണമെന്നാവശ്യപ്പെടുന്ന ഹരജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻറെ ഉത്തരവ്.
സർക്കാർ അംഗീകാരമില്ലാത്തതിനാല്‍ സ്കൂള്‍ അടച്ചുപൂട്ടാൻ കോടതി നിർദേശിച്ചു. അതേസമയം, വിദ്യാർഥികള്‍ക്ക് ബദല്‍ ക്രമീകരണമൊരുക്കാൻ സമയം വേണ്ടതിനാല്‍ ഈ അക്കാദമിക് വർഷം പ്രവർത്തനം തുടരാൻ അനുമതിയും നല്കി.അംഗീകാരമില്ലാതെ 300 ഓളം കുട്ടികളുള്ള പ്രീ സ്കൂള്‍ പ്രവർത്തിക്കുന്നുവെന്നും ഇസ്ലാമിക വിഷയങ്ങള്‍ പഠിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികളായ മൊയ്തീൻകുട്ടി, ബാപ്പു എന്നിവർ നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സ്കൂളുകളില്‍ അനുമതിയില്ലാതെ മതപഠനം പാടില്ലെന്ന് ‘ഹിദായ എജ്യൂക്കേഷനല്‍ ആൻഡ് ചാരിറ്റബിള്‍ ട്രസ്റ്റ്’ കേസില്‍ ഉത്തരവുള്ളതായും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, സ്ഥാപനം പൂട്ടാൻ ചാവക്കാട് എ.ഇ.ഒ നിർദേശിച്ചതിനെതിരെ സ്കൂള്‍ മാനേജർ നല്കിയ ഹരജി കോടതി തള്ളി. നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ് അക്രഡിറ്റേഷൻ ഉള്ളതിനാല്‍ സ്കൂള്‍ പ്രവർത്തിക്കുന്നതിന് തടസ്സമില്ലെന്നായിരുന്നു വാദം.
