മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെ: വി ഡി സതീശന്‍

മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും മന്ത്രി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

സജി ചെറിയാന്റേത് വിദ്വേഷ പ്രസ്താവനയാണെന്നും വര്‍ഗീയത ആളിക്കത്തിക്കുന്നത് തലമുറകളോടുള്ള ക്രൂരതയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം ബാലനും ഇപ്പോള്‍ സജി ചെറിയാനും വിവാദ പ്രസ്താവനകള്‍ പറയുന്നു. ആപത്കരമായ ഈ പ്രസ്താവനകള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഇത് കേരളത്തെ അപകടകരമായ അവസ്ഥയില്‍ എത്തിക്കും.

കേരളത്തിന്റെ അടിത്തറക്ക് തീ കൊളുത്തുന്ന രീതിയാണ്. സതീശനും പിണറായിയും നാളെ ഓര്‍മയാകും, എന്നാല്‍ കേരളം ബാക്കിയുണ്ടാകണം. തീപ്പൊരി വീഴാന്‍ കാത്തിരിക്കുന്നവര്‍ക്ക് തീക്കൊള്ളി നല്‍കുന്ന നിലപാടാണ് സി പി എമ്മിന്റേത്. ഇത് സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണെന്നും തന്റെ വാക്കുകള്‍ ചരിത്രത്തില്‍ കുറിച്ചുവെച്ചോളാനും പ്രതിപക്ഷ നേതാവ് പറഞ്ഞു. സമുദായ നേതാക്കളെപ്പറ്റി മോശമായി പറയില്ലെന്ന് വി ഡി സതീശന്‍ ആവര്‍ത്തിച്ചു.

സമുദായ നേതാക്കള്‍ക്ക് മുന്നില്‍ ഇരുന്നാല്‍ മതി കിടക്കേണ്ട എന്നാണ് തന്റെ നിലപാട്. പോകുന്നത് തിണ്ണ നിരങ്ങലാണ് എന്ന് അവര്‍ കരുതുന്നുണ്ടെങ്കില്‍ പോകാതിരിക്കാം. തിരുവനന്തപുരത്ത് പിണറായി പൊന്നാട ചാര്‍ത്തിയതും കാറില്‍ കയറ്റിയതും ആരെയാണെന്നു താന്‍ പേരുപറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *