ഗ്രൂപ്പുകളില്‍ അംഗങ്ങളെ ചേര്‍ക്കുന്നത് നിയന്ത്രിക്കാനൊരുങ്ങി വാട്സാപ്

ന്യൂഡല്‍ഹി:വാട്സാപ് ഗ്രൂപ്പുകളില്‍ അംഗങ്ങളെ ചേര്‍ക്കുന്നത് നിയന്ത്രിക്കാനൊരുങ്ങി വാട്സാപ്. മൊബൈല്‍ നമ്പര്‍ കിട്ടിയാല്‍ അഡ്മിന് ആരേയും ഗ്രൂപ്പില്‍ ചേര്‍ക്കാമെന്ന നിലവിലെ സംവിധാനത്തിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്. ഇത് കാരണം അറിയുന്നവരെയും അറിയാത്തവരെയും വിവിധ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്ന സ്ഥിതി മാറും. അക്കൗണ്ട് ഉടമകള്‍ക്ക് തങ്ങളുടെ അനുമതിയില്ലാതെ വിവിധ വാട്സാപ് ഗ്രൂപ്പുകളില്‍ നിന്നും മെസേജുകളും ചിത്രങ്ങളും വരുന്ന അവസ്ഥയുണ്ടായിരുന്നു ഇതുവരെ.എന്നാല്‍ ഇനി മുതല്‍ പുതിയ അപ്ഡേറ്റിനു ശേഷം വാട്സാപ് പ്രൈവസി സെറ്റിങ്സില്‍ പോയി ആര്‍ക്കൊക്കെ നിങ്ങളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാം എന്ന് തീരുമാനിക്കാം.
ഇതിനു പുറമെ ഗ്രൂപ്പ്സ് എന്നൊരു വിഭാഗം കൂടി പ്രത്യക്ഷപ്പെടും. അത് തിരഞ്ഞെടുത്ത് സെറ്റിംങ്സില്‍ മാറ്റം വരുത്താം. നിങ്ങളുടെ കോണ്ടാക്റ്റ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് മാത്രം ഗ്രൂപ്പില്‍ ചേര്‍ക്കാം, ആര്‍ക്കും ചേര്‍ക്കാം, ആര്‍ക്കും ചേര്‍ക്കാനാവില്ല എന്നിവയാണ് മറ്റ് ഓപ്ഷനുകള്‍.
ഗ്രൂപ്പില്‍ ചേര്‍ക്കുന്നതിനുള്ള പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞാല്‍ പിന്നീട് നിങ്ങളെ ഗ്രൂപ്പിലേക്ക് ക്ഷണിക്കാന്‍ മാത്രമേ അഡ്മിന്മാര്ക്ക് സാധിക്കുകയുള്ളൂ. ചേരണോ വേണ്ടയോ എന്നത് നിങ്ങള്‍ക്ക് തീരുമാനിക്കാം.
സ്ത്രീകള്‍ ഉള്‍പ്പടെ നിരവധിപേര്‍ പരാതിപ്പെട്ട കാര്യമായിരുന്നു അനുമതിയില്ലാതെ പല അശ്ളീല ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെടുന്നു എന്നതും ഫോണ്‍ നമ്പറുകള്‍ അപരിചിതര്‍ക്ക് ലഭ്യമാകുന്നു എന്നതും. ഇതിനുള്ള പരിഹാരമായിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ കൂടെ നിര്‍ദ്ദേശത്തിന്റ ഫലമായി വാട്സാപ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.