• 17 Jan 2019
  • 10: 00 PM
Latest News arrow

ബഹിരാകാശത്തുനിന്ന് റേഡിയോതരംഗങ്ങൾ; ആകാംക്ഷയുടെ മുൾമുനയിൽ ഭൗമലോകം

അന്യഗ്രഹജീവികൾ ഭൂമിയിൽ എത്തുമോ?

ഭൂമിക്ക് പുറത്ത് ജീവനുണ്ടോ ? മാനവരാശി കാലങ്ങളായി ചോദിക്കുന്ന ചോദ്യമാണിത് . ശാസ്ത്രലോകമാവട്ടെ ഇതിനായുള്ള അന്വേഷണത്തിലും. ഇതിനിടയിലാണ് ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് തുടര്‍ച്ചയായി റേഡിയോ തരംഗങ്ങള്‍ വരുന്നെന്ന വാർത്ത ശ്രദ്ധ നേടുന്നത്. ഇത് ശാസ്ത്രജ്ഞർ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 1.5 ബില്യണ്‍ പ്രകാശവര്‍ഷം അകലെ നിന്നാണ് ഭൂമിയിലേക്ക് ആവര്‍ത്തിച്ച് അ‍ജ്ഞാത റേഡിയോ സിഗ്നലുകള്‍ വരുന്നതായി ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിരിക്കുന്നത്! നേരത്തെ ഈ തരംഗങ്ങള്‍ ശ്രദ്ധയിൽ പെട്ടെങ്കിലും ഭൂമിയിലേക്ക് എത്തുന്നത് എവിടെ നിന്നാണെന്ന് പിടികിട്ടിയിരുന്നില്ല. എന്നാലിപ്പോൾ ഇത് ഭൂമിക്ക് പുറത്തുനിന്നാണെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിക്കുമ്പോൾ അമ്പരപ്പിലും ആകാംക്ഷയിലുമാണ് ഭൗമലോകം. 

ഫാസ്റ്റ് റേഡിയോ ബസ്റ്റ്സ് (എഫ്ആര്‍ബി) എന്ന് വിളിക്കുന്ന സിഗ്നലുകളാണ് ഭൂമിയിലേക്ക് എത്തുന്നത്. നേരത്തെയും ഇത്തരം സിഗ്നലുകള്‍ ഭൂമിയിലെത്തുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ആവര്‍ത്തിച്ച് സിഗ്നലുകള്‍ ഭൂമിയിലേക്ക് എത്തിയിരുന്നില്ല. ഒരേ ദിശയില്‍ നിന്ന്  ആറ് തവണയെങ്കിലും തരംഗങ്ങള്‍ ആവര്‍ത്തിച്ച് ഭൂമിയിലേക്കെത്തിയെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. അറുപത് തരംഗങ്ങള്‍ ഉണ്ടായതായാണ് കനേഡിയൻ ഹൈഡ്രജൻ ഇന്റെൻസിറ്റി മാപ്പിംഗ് എക്സ്പെരിമെൻറ് ടീമിൽ (Canadian Hydrogen Intensity Mapping Experiment-CHIME) അംഗമായ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. മില്ലി സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള തരംഗങ്ങളാണ് പുറത്തുവിടുന്നതെങ്കിലും അതിന് സൂര്യന്‍ ഒരു വര്‍ഷം കൊണ്ട് പുറത്തുവിടുന്ന ഊര്‍ജ്ജത്തിന്‍റെ ശക്തിയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കൂടുതല്‍ പഠനത്തിന് പുതിയ തരംഗങ്ങള്‍ സഹായകമാകുമെന്നും അവര്‍ വ്യക്തമാക്കുന്നു.

ആവര്‍ത്തിച്ചുള്ള റേഡിയോ തരംഗങ്ങള്‍ ഭൂമിക്ക് പുറത്ത് ജീവികളുണ്ടെന്നതിന്‍റെ സൂചനയാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇത് സംബന്ധിച്ച് ചില പഠനങ്ങളും നിലവിലുണ്ട്. ഒരേ ദിശയില്‍ നിന്ന് ആവര്‍ത്തിച്ച് വരുന്ന സിഗ്നലുകള്‍ നേരത്തേ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള  ചര്‍ച്ച സജീവമാക്കിയിരുന്നു. ഭൂമിയില്‍ നിന്നുള്ള ഏതെങ്കിലും സിഗ്നലുകളെ തെറ്റിദ്ധരിച്ചതാണോ എന്നും സംശയമുണ്ടായിരുന്നു. എന്നാല്‍ 1.5 ബില്യണ്‍ പ്രകാശവര്‍ഷമകലെ സൗരയുഥത്തില്‍ നിന്നാണ് തരംഗങ്ങള്‍ എത്തുന്നതെന്ന പുതിയ കണ്ടെത്തല്‍ ഇത് സംബന്ധിച്ച പഠനങ്ങൾക്ക്  വേഗം നൽകും. ഒപ്പം വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്സിന്റെ മുന്നറിയിപ്പും ശാസ്ത്രലോകം ഓർക്കുന്നു. ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്നന്വേഷിച്ച് നാമയക്കുന്ന സിഗ്നലുകളുടെ ചുവടുപിടിച്ച് അന്യഗ്രഹങ്ങളിൽ നിന്നും ജീവികൾ ഭൂമിയിലെത്തിയേക്കാം എന്ന മുന്നറിയിപ്പാണിത്. എന്നാൽ മനുഷ്യനേക്കാൾ ബുദ്ധിപരമായി വികാസം പ്രാപിച്ച  ജീവനുകൾ ആയിരിക്കില്ല നമ്മോടു സംവദിക്കുന്നത് എന്നൊരു സിദ്ധാന്തവും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. പ്രകാശവർഷങ്ങൾക്കകലെയുണ്ടായ സൂപ്പർനോവ സ്‌ഫോടനത്തിന്റെ അനുരണനങ്ങളാണ് ഇപ്പോഴുള്ള തരംഗങ്ങൾ എന്ന് വാദിക്കുന്ന ഒരുവിഭാഗം ശാസ്ത്രജ്ഞരും ഉണ്ട്.

എന്തായാലും ശാസ്ത്രലോകത്തിന്റെ പുതിയ വെളിപ്പെടുത്തലോടെ ഭൂമിയിലേക്ക് സിഗ്നലുകൾ അയക്കുന്ന ആ 'അജ്ഞാത ജീവൻ' ആരാണെന്നും എന്താണെന്നും ഉള്ള ആകാംക്ഷയുടെ മുൾമുനയിലായി മനുഷ്യലോകം.