• 01 Feb 2023
  • 09: 04 AM
Latest News arrow

ഗുപ്ടില്‍ 237; ന്യൂസീലന്‍ഡ് ഒരു സിക്‌സറായി സെമിയിലേക്ക്

വെല്ലിംഗ്ടണ്‍: വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ കാണികള്‍ക്ക് ആകാശത്തുകൂടെ സിക്‌സറുകള്‍ പറക്കുന്നതു നോക്കി കഴുത്ത് ഉളുക്കിക്കാണണം. മാത്രമല്ല പറന്നുപോകുകയായിരുന്ന ഒരു സിക്‌സര്‍ , വെസ്റ്റിന്‍ഡീസിന്റെ മാര്‍ലണ്‍ സാമുവല്‍സിന്റെ അടി, ഡാനിയല്‍ വെറ്റോറി അതിര്‍ത്തി വരക്കടുത്തു വെച്ച് ഉയര്‍ന്നു ചാടി ഒറ്റക്കൈകൊണ്ട് പിടിക്കുന്നതും കാണികള്‍ക്ക് തലയുയര്‍ത്തി നോക്കേണ്ടി വന്നു. 31 സിക്‌സറുകളില്‍ 11 എണ്ണം അടിച്ചത് മാര്‍ട്ടിന്‍ ഗപ്ടില്‍. എല്ലാം ക്രിക്കറ്റിന്റെ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള ഷോട്ടുകള്‍. പുറത്താകാതെ 237 റണ്‍സ് നേടിയ ഗപ്ടില്‍ ന്യൂസീലന്‍ഡിനെ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്ക് ഒരു സിക്‌സര്‍ പോലെ തൊടുത്തുവിട്ടു. ഓക്ക്‌ലന്‍ഡില്‍ നടക്കുന്ന സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് അവരുടെ എതിരാളി.

അപസ്വരങ്ങള്‍ ഇല്ലെന്നു പറയാവുന്ന ക്രമേണ മുറുകി വന്ന തായമ്പകയായിരുന്നു ഗപ്ടിലിന്റെ ഇന്നിംഗ്‌സ്. ന്യൂസീലന്‍ഡുകാരായ കാണികള്‍ക്ക് താളം പിടിക്കാന്‍ മാത്രം ഇടക്കിടെ ആ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്ന അടികള്‍ പുറപ്പെട്ടു. ഗപ്ടില്‍ തന്റെ ആദ്യത്തെ അരസെഞ്ച്വറിക്ക് 64 പന്തെടുത്തു. എന്നാല്‍ 111ാമത്തെ പന്തില്‍ സെഞ്ച്വറിയെത്തി. രണ്ടാമത്തെ 100 നേടാന്‍ വേണ്ടിവന്നത് 41 പന്ത് മാത്രം. ബംഗ്ലാദേശുമായുള്ള അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഗപ്ടില്‍ സെഞ്ച്വറി നേടിയിരുന്നു.

ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് 50 ഓവറില്‍ 6 വിക്കറ്റിന് 393 റണ്‍സുമായി കളി അവസാനിപ്പിച്ചു. ഇത്രയും വലിയ സ്‌കോറിന് മുന്നില്‍ വെസ്റ്റിന്‍ഡീസ് എന്തു ചെയ്യും? ആക്രമിക്കുക മാത്രമേ അവര്‍ക്ക് വഴിയുണ്ടായിരുന്നുള്ളൂ എങ്കിലും രക്ഷപ്പെടാന്‍ എല്ലാ വഴികളും അടഞ്ഞ് വിധിക്ക് കീഴ്‌പ്പെട്ടതു പോലെ കണ്ണടച്ചുകൊണ്ടുള്ള ആക്രമണത്തിനാണ് അവര്‍ മുതിര്‍ന്നത്. അതില്‍ ഒരു അനിശ്ചിതത്വം ഉണ്ടായിരുന്നു. 30ാമത്തെ ഓവറായപ്പോഴേക്കും അവര്‍ 250 റണ്‍സ് എടുത്തിരുന്നു. നല്ല സ്‌കോര്‍. പക്ഷെ ഒമ്പത് പേര്‍ പവലിയനിലേക്ക് മടങ്ങി ഗ്രൗണ്ടില്‍ അന്ത്യകര്‍മങ്ങള്‍ക്ക് അപ്പോള്‍ അരങ്ങൊരുങ്ങിയിരുന്നു എന്നു മാത്രം. 30.3 ഓവറില്‍ 250 റണ്‍സിന് അവര്‍ പുറത്താവുകയും ചെയ്തു. 143 റണ്‍സിന്റെ വലിയ തോല്‍വിയായിരുന്നു ഫലം.

ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഗപ്ടിലിന്റെ ഇന്നിംഗ്‌സ്. ആദ്യ ഓവറില്‍ നാലു റണ്‍സില്‍ നില്‍ക്കവേ ഗപ്ടിലിനെ സാമുവല്‍സ് വിട്ടുകളഞ്ഞിരുന്നു. അതൊഴിച്ചാല്‍ ഗപ്ടിലിന് പിഴവൊന്നും പറ്റുകയുണ്ടായില്ല. പുറത്താകുമെന്ന് തോന്നിച്ചതുമില്ല. ഫീല്‍ഡര്‍മാരെ വകഞ്ഞു മാറ്റിക്കൊണ്ട് ഗപ്ടില്‍ പന്തുകളെ പറഞ്ഞയച്ചു. 11 സിക്‌സറുകള്‍ക്ക് പുറമെ 24 ബൗണ്ടറികള്‍ ഈ ഇന്നിംഗ്‌സിനെ അലങ്കരിച്ചു. 163 പന്തില്‍ നിന്നാണ് ഗപ്ടില്‍ ഇത്രയും റണ്‍സ് നേടിയത്. 162 റണ്‍സ് കിട്ടിയത് ബൗണ്ടറികളില്‍ നിന്ന്. അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു ഈ ഇന്നിംഗ്‌സ് എന്നതിനു പുറമെ അത് റെക്കോഡുകളും മാറ്റിയെഴുതി.

ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഇത്. ഈ ലോകകപ്പില്‍ തന്നെ ക്രിസ് ഗെയ്ല്‍ സിംബാബ്‌വെക്ക് എതിരെ നേടിയ 215 റണ്‍സ് ഗപ്ടില്‍ മറികടന്നു. ലോകകപ്പിലെ ഒരു  നോക്കൗട്ട് മത്സരത്തിലുണ്ടായ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന സവിശേഷതയും ഇതിനുണ്ട്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറുമാണിത്. രോഹിത് ശര്‍മ ശ്രീലങ്കക്കെതിരെ നേടിയ 264 ആണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ന്യൂസീലന്‍ഡ് നേടിയ 393 ലോകകപ്പ് നോക്കൗട്ട് മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറുകൂടിയാണ്.

ക്യാപ്റ്റന്‍ ബ്രെണ്ടന്‍ മെക്കല്ലം 12 റണ്‍സെടുത്ത് വേഗം പുറത്തായെങ്കിലും കെയ്ന്‍ വില്യംസണ്‍ (33) റോസ് ടെയ്‌ലര്‍ (42) ഗ്രാന്റ് എലിയട്ട് (27) എന്നിവര്‍ ഗപ്ടിലിന് നല്ല പിന്തുണ നല്‍കി. കോറി ആന്‍ഡേഴ്‌സണ്‍ (15) ലൂക്ക് റോങ്കി (9) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായി. ഡാനിയല്‍ വെറ്റോറി പുറത്താകാതെ എട്ടു റണ്‍സെടുത്തു.

ജെറോം ടെയ്‌ലര്‍ 71 റണ്‍സിന് മൂന്ന് വിക്കറ്റും ആന്ദ്രേ റസല്‍ 96 റണ്‍സിന് രണ്ടു വിക്കറ്റും വീഴ്ത്തി.

വെസ്റ്റിന്‍ഡീസിന് വേണ്ടി ക്രിസ് ഗെയ്‌ലും സിക്‌സറിന് സിക്‌സര്‍ അടിച്ചുകൊണ്ടാണ് തുടങ്ങിയത്. 28 പന്തില്‍ നിന്ന് ഗെയ്ല്‍ അരസെഞ്ച്വറി തികച്ചു. എട്ട് സിക്‌സറും രണ്ട് ഫോറും അടിച്ച ശേഷം 66 റണ്‍സെടുത്ത് ഗെയ്ല്‍ പോയതോടെ വിധിയെഴുത്ത് വ്യക്തമായിരുന്നു. ഗെയിലിനെ ആഡം മില്‍ന് ബൗള്‍ ചെയ്ത് പുറത്താക്കി. മൂന്ന് റണ്‍സെടുത്ത് പുറത്തായ ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സും റണ്‍ ഒന്നും എടുക്കാതെ പുറത്തായ ദിനേശ് രാംദിനും ഒഴിച്ച് എല്ലാ ബാറ്റ്‌സ്മാന്‍മാരും ഒരു ബൗണ്ടറിയെങ്കിലും അടിച്ചു. ലെന്‍ഡല്‍ സിമ്മണ്‍സ് 12, മാര്‍ലണ്‍ സാമുവല്‍സ് 27, ജൊനാതന്‍ കാര്‍ട്ടര്‍ 32, ഡാരന്‍ സാമി 27, ആന്ദ്രേ റസല്‍ 20, ജെയ്‌സണ്‍ ഹോള്‍ഡര്‍ 42, ജെറോം ടെയ്‌ലര്‍ 11, സുലൈമാന്‍ ബെന്‍ പുറത്താകാതെ 9 എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍.

വലിയ റണ്‍സ് കയ്യിലുള്ള സ്ഥിതിക്ക് ചാഞ്ഞിരിക്കാം എന്നൊന്നും കിവി ക്യാപ്റ്റന്‍ മെക്കല്ലം കരുതുകയുണ്ടായില്ല. പതുക്കെ വേവാന്‍ കാത്തിരിക്കുന്നതിനു പകരം എതിരാളികളെ ആക്രമിച്ചു പുറത്താക്കാനുള്ള കളിയാണ് മെക്കല്ലം കളിച്ചത്. ഫാസ്റ്റ് ബൗളര്‍ ടിം സൗത്തി രണ്ട് വിക്കറ്റെടുക്കാന്‍ എട്ടോവറില്‍ 82 റണ്‍സ് വഴങ്ങിയെങ്കിലും ട്രെന്റ് ബോള്‍ട്ട് ആ കുറവ് പരിഹരിച്ചു. ബോള്‍ട്ട് 44 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി. വെറ്റോറി 58 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ആഡം മില്‍ന് 42 റണ്‍സിന് ഒരു വിക്കറ്റും കോറി ആന്‍ഡേഴ്‌സണ്‍ രണ്ടോവറില്‍ 24 വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

ദക്ഷിണാഫ്രിക്കയെ സെമിയില്‍ നേരിടുന്ന ന്യൂസീന്‍ഡിന് വെസ്റ്റിന്‍ഡീസിനെതിരെ വിജയം നേടിയ രീതി കൂടുതല്‍ ശക്തി പകര്‍ന്നിരിക്കുന്നു. എതിരാളികള്‍ക്ക് ഇനി മെക്കല്ലത്തെ മാത്രംപേടിച്ചാല്‍ പോരാ, ഗുപ്ടിലിനെ കൂടുതല്‍ പേടിക്കണം. സൗത്തി മങ്ങിപ്പോയാല്‍ ട്രന്റ് ബോള്‍ട്ടിനെ പേടിക്കണം. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നിര്‍മാണത്തിലെ ചില പാകപ്പിഴകള്‍ ഇവരുടെ മുന്നില്‍ തുറന്നു കാട്ടപ്പെട്ടേക്കാം. ഏതായാലും ഇപ്പോള്‍ കത്തി നില്‍ക്കുന്ന ടീം ന്യൂസീലന്‍ഡാണ്.