ഡിവിലിയേഴ്സ് വിടില്ല; യു എ ഇക്ക് രക്ഷയില്ല

വെല്ലിംഗ്ടണ്‍: ലോകകപ്പില്‍ ആദ്യം ബാറ്റു ചെയ്തപ്പോഴൊക്കെ ദക്ഷിണാഫ്രിക്ക 300 റണ്‍സ് കടന്നിട്ടുണ്ട്. തുടക്കം പതുക്കെയായിട്ടും യുഎഇക്ക് എതിരെയും അതില്‍ വ്യത്യാസമുണ്ടായില്ല. ക്യാപ്റ്റന്‍ എ ബി ഡിവിലിയേഴ്സ് ക്ഷണത്തില്‍ നേടിയ 99 റണ്‍സും ഫര്ഹാന് ബെഹാര്‍ദിയന്‍ 31 പന്തില്‍ നിന്ന് നേടിയ 64 റണ്‍സും അവരുടെ ഇന്നിംഗ്സിന് ആക്കം പകര്‍ന്നതോടെ അവര്‍ 6 വിക്കറ്റിന് 341 റണ്‍സെടുത്തു. യുഎഇ 47.3 ഓവര്‍ വരെ ബാറ്റു ചെയ്തെങ്കിലും 195 റണ്‍സിന് പുറത്തായി. ഡിവിലിയേഴ്സ് ആണ് മാന്‍ ഓഫ് ദി മാച്ച്. 146 റണ്‍സിന് ജയിച്ച ദക്ഷിണാഫ്രിക്ക് ബി പൂളില്‍ 8 പോയന്റോടെ രണ്ടാം സ്ഥാനത്താണ്. ആറു വീതം പോയന്റോടെ പാകിസ്താനും അയര്‍ലണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ നില്ക്കുന്നു. ഇവര്‍ തമ്മിലുള്ള മത്സരം നിര്‍ണായകമാണ്. നാലു പോയന്റുള്ള വെസ്റ്റിന്‍ഡീസിന് യുഎഇ യുമായുള്ള കളി ജയിച്ചാല്‍ ആറു പോയന്റ് കിട്ടും. 10 പോയന്റുമായി മുന്നില്‍ നില്ക്കുന്ന ഇന്ത്യക്ക് സിംബാബ്വെയാണ് ഒടുവിലത്തെ എതിരാളി.
96 റണ്‍സിന് 3 വിക്കറ്റ് നഷ്ടപ്പെട്ട ഘട്ടത്തില്‍ ബാറ്റിംഗിനിറങ്ങിയ ഡിവിലിയേഴ്സിന്റെ തുടക്കവും പതുക്കെയായിരുന്നു. 41 പന്തില്‍ നിന്ന്് 32 റണ്‍സ് നേടിയ ഡിവിലിയേഴ്സ് 75 പന്ത് നേരിട്ടപ്പോഴേക്കും സ്കോര്‍ 90ല്‍ എത്തി. ഒറ്റ റണ്‍ അകലെ വെച്ച് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ സെഞ്ച്വറി നഷ്ടപ്പെട്ടു. ഹാഷിം അംല 12, ക്വിന്റണ്‍ ഡികോക്ക് 26, റൈലി റൊസ്സോ 43, ഡേവിഡ് മില്ലര്‍ 49, ജീന്‍ പോള്‍ ഡുമിനി 23, വെര്‍നന്‍ ഫിലാന്‍ഡര്‍ 10 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍.
മുഹമ്മദ് നവീദ് 63 റണ്‍സിന് 3 വിക്കറ്റെടുത്തു. കര്മാന് ഷംഷദ് 59 റണ്‍സിനും അംജദ് ജാവേദ് 87 റണ്‍സിനും മുഹമ്മദ് തക്വീര് 47 റണ്‍സിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ദക്ഷിണാഫ്രിക്കയുടെ ബൗളിങ് ആക്രമണത്തിനെതിരെ 342 റണ്‍സ് എടുക്കാന്‍ ശ്രമിച്ച് തകരുന്നതിനു പകരം 50 ഓവര്‍ കളിച്ചുതീര്ക്കാനുള്ള യുഎഇയുടെ ശ്രമവും പൂര്‍ണമായും വിജയിച്ചില്ല. പുറത്താകാതെ 57 റണ്‍സെടുത്ത സ്വപ്നില്‍ പാട്ടീലാണ് യുഎഇയുടെ ടോപ് സ്കോറര്‍. 39 റണ്‍സെടുത്ത ഷൈമാന്‍ അന്‍വര്‍ കഴിഞ്ഞാല്‍ ബാക്കിയുള്ളവരുടെ സ്കോര്‍ ചുരുക്കമായിരുന്നു. അംജദ് അലി 21, ആന്‍ഡ്രി ബെറംഗര് 5, ഖുറം ഖാന് 12, സഖ്ലൈന് ഹൈദര്‍ 7, അംജദ് ജാവേദ് 5, മുഹമ്മദ് നവീദ് 17, മുഹമ്മദ് തക്വീര് 3, കംറാന്‍ ഷഹ്സാദ് 0 എന്നിങ്ങനെയാണ് സ്കോര്‍.
23 റണ്‍സിന് 2 വിക്കറ്റെടുത്ത മോര്‍ണി മോര്‍ക്കല്‍ യുഎഇയെ നന്നായി ബൂദ്ധിമുട്ടിച്ചു. വെര്‍നന്‍ ഫിലാന്‍ഡര്‍ 34 റണ്‍സിനും 2 വിക്കറ്റെടുത്തു. മൂന്നോവര്‍ മാത്രം ബൗള്‍ ചെയ്ത ഡിവിലിയേഴ്സ് 15 റണ്‍സിന് 2 വിക്കറ്റെടുത്തപ്പോള്‍ ഡെയില്‍ സ്റ്റെയിന് ഒരു വിക്കറ്റിന് 40 റണ്‍സ് വിട്ടുകൊടുത്തു. ഒരു വിക്കറ്റെടുത്ത ഇംറാന്‍ താഹിറും അത്രയും റണ്‍സ് വഴങ്ങി. ജീന്‍പോള്‍ ഡുമിനി 12 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി.