മാറിയ പാകിസ്താന് ഓസ്ട്രേലിയക്കെതിരെ

അഡലെയ്ഡ്: പരിക്ക്, സെലക്ഷന് തര്‍ക്കങ്ങള്‍ എന്നിവയൊക്കെയുണ്ടായിട്ടും പാകിസ്താന് ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നുകൂടി. നാളെ ക്വാര്‍ട്ടറില്‍ ഓസ്ട്രേല്യയെ നേരിടുമ്പോള്‍ പരിക്ക് പറ്റിയ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്ഫാന് അവരുടെ നിരയിലില്ല. ബാറ്റിംഗിനെക്കാള്‍ ബൗളിങാണ് അവരുടെ ശക്തി എന്നും ഓര്‍ക്കണം. വഹബ് റിയാസ് നന്നായി ബൗള്‍ ചെയ്യുന്നത് അവര്‍ക്ക് ആശ്വാസമേകുന്നു. നടുക്കുള്ള ഓവറുകളില്‍ റണ്‍സ് തടയാന്‍ കെല്പുള്ള രഹത് അലിയിലും പാകിസ്താന് പ്രതീക്ഷയര്‍പ്പിക്കുന്നു. സര്‍ഫ്രാസ് അഹമ്മദ് ഓപ്പണറായി ഇറങ്ങി വിജയം വരിച്ചത് അവരുടെ ഒരു പ്രശ്നം പരിഹരിച്ചിട്ടുണ്ട്. എന്നാല്‍ വെടിക്കെട്ടിന് തീകൊളുത്തും പോലെ ബാറ്റു ചെയ്യാന്‍ കൂട്ടത്തിലാര്‍ക്കും ആയിട്ടില്ല. ക്യാപ്റ്റന്‍ മിസ്ബാ പിടിച്ചു നില്‍ക്കുമെങ്കിലും അടിച്ചുതകര്‍ത്ത് കളിക്കാന്‍ ഒരുങ്ങുമ്പോഴേക്കും മറ്റേ അറ്റത്ത് ആളില്ലാതെയായിപ്പോകുന്നു.
ഓസ്ട്രേലിയ ബൗളിംഗിലും ബാറ്റിംഗിലും ഒരു പോലെ ശക്തരാണ്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സ്വിംഗ് സര്‍വരേയും അമ്പരപ്പിച്ചുകൊണ്ട് വിക്കറ്റുകളില്‍ പതിക്കുന്നു. മിച്ചല്‍ ജോണ്സണ് ഇതുവരെ തന്റെ ശേഷിക്കൊത്ത് ബൗള്‍ ചെയ്തിട്ടില്ല എന്നതും മറ്റു ടീമുകള്‍ക്ക് ഭീഷണിയാണ്. ആര്‍ക്കറിയാം അയാള്‍ പെട്ടെന്ന് മാറില്ലെന്ന്. മുന്‍നിര ബാറ്റ്സ്മാന്മാര് എല്ലാവരും നന്നായി കളിച്ചുവരുന്നു. കുറച്ച് പിന്നോട്ടുപോയാലും അവിടെയും കിടക്കുന്നു ഗ്ലെന്‍ മാക്സ്വെല്. ഒരു പരീക്ഷണ ചിത്രം പോലെ ബാറ്റു ചെയ്യുന്ന മാക്സ്വെല് എതിര് ടീമുകളെ സദാ പരീക്ഷിക്കുന്നു. ഓസ്ട്രേലിയയെ മറികടക്കണമെങ്കില്‍ പാകിസ്താന് കളിക്കാരില്‍ രണ്ടുമൂന്നു പേരെങ്കിലും അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച കളി കളിക്കണം.
അഡലെയ്ഡ് പിച്ചിന് പതിവിനേക്കാള്‍ വേഗം കൂടിയിട്ടുണ്ട് എന്നാണ് കളിക്കാരുടെ നിരീക്ഷണം. ന്യൂസീലന്‍ഡ്-ഓസ്ട്രേല്യ മത്സരം പോലെ ചുരുങ്ങിയ സ്കോറുള്ള മത്സരമായിരുന്നു. അങ്ങനെയൊന്ന് ആവില്ലെങ്കിലും നല്ല ബൗളിങ്ങും ഈ പിച്ച് കാത്തിരിക്കുന്നുണ്ടാവണം.
ലോകകപ്പില്‍ ഇരു ടീമുകളും എട്ടു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടുപേരും നാലു തവണ വീതം ജയിച്ചു.