ഓക്ലന്‍ഡ് ത്രില്ലര്‍: വില്യംസന്റെ സിക്സര്‍ കീവീസിനെ ജയിപ്പിച്ചു

ഓക്ക്ലന്‍ഡ്: ചെറിയ സ്കോറുള്ള മത്സരത്തെ കാണികള്‍ അയ്യോ കഷ്ടമായി എന്ന മട്ടിലാണ് കാണുകയെങ്കിലും ഓസ്ട്രേല്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരം ഈ ലോകകപ്പ് കണ്ട് ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായി. അതിനുള്ള എല്ലാ കൂട്ടും കളിയിലുണ്ടായിരുന്നു. നല്ല കാലാവസ്ഥയില്‍ നിറഞ്ഞ ഗ്രൗണ്ടിന് മുന്നില്‍ ഇരു ടീമുകളും പര്സപരം വിടാതെ ആക്രമിച്ചു. ഒടുവില്‍ രണ്ട് ടീമുകളും തമ്മിലുള്ള വ്യത്യാസം ഒറ്റ വിക്കറ്റിന്റെത് മാത്രമായി അവസാനിച്ചു. അവസാനത്തെ അടി വരെ ആക്രമണം തുടിച്ചു നിന്നു. ഓസ്ട്രേല്യയെ 151 പുറത്താക്കിയ ശേഷം ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ട ന്യൂസീലന്‍ഡിനെ കെയിന്‍ വില്യംസണ് ഒരു സിക്സറോടെ ജയിപ്പിച്ചു.
ബൗണ്ടറിയിലേക്കുള്ള പന്തിന്റെ പാച്ചില്‍, ബാറ്റിംഗ് തകര്ച്ചകള്, സ്വിംഗ് ബൗളിംഗിന്റെ മൂളക്കങ്ങള്‍, സൂത്രപ്പണിയൊപ്പിച്ച സ്പിന്‍ ബൗളിങ്, വീണാലും വിടില്ലെന്ന മട്ടിലുള്ള കിവി ക്യാപ്റ്റന്‍ മെക്കല്ലത്തിന്റെ കതിനകള്‍ ഇങ്ങനെ ഒരു മത്സരത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതൊക്കെ എ പൂളിലെ ഈ കളിയിലുണ്ടായിരുന്നു. മുന്നൂറ് റണ്‍സ് പതിവായിക്കഴിഞ്ഞേടത്ത് അതുണ്ടായില്ലെന്ന് മാത്രം. കളിയുടെ അന്ത്യവും അങ്ങനെ തന്നെ. അതിവേഗത്തില്‍ പന്തെറിയുന്ന പാറ്റ് കമ്മിന്‍സിനെ വില്യംസണ് നേരെ സിക്സറടിച്ചപ്പോള്‍ ന്യൂസിലന്‍ഡ് 9 വിക്കറ്റിന് 152 റണ്‍സ് എത്തി.
ഓസ്ട്രേലിയക്ക് വേണ്ടി ഡേവിഡ് വാര്‍ണര്‍ (34) മിന്നലാക്രമണത്തിന് തുനിഞ്ഞെങ്കിലും ഡാനിയല്‍ വെറ്റോറി, ഷെയ്ന് വാട്സനെയും (23) സ്റ്റീവന്‍ സ്മിത്തിനെയും (4) പുറത്താക്കിക്കൊണ്ട് എതിര് നിരയിലേക്ക് ഒരു പഴുതുണ്ടാക്കി. പിന്നീട് ട്രെന്‍ഡ് ബോള്‍ട്ട് കളിയേറ്റെടുത്തു. ഇംഗ്ലണ്ടിനെതിരെ അത് സൗത്തി ആയിരുന്നു. മൈക്കിള്‍ ക്ലാര്‍ക്ക് (12), ഗ്ലെന്‍ മാക്സ് വെല്‍(1) മിച്ചല്‍ മാര്‍ഷ് (0) മിച്ചല്‍ ജോണ്സണ്(1) മിച്ചല്‍ സ്റ്റാര്‍ക് (0) എന്നിവരെ ബോള്‍ട്ട് പുറത്താക്കി. ഓപ്പണര്‍ ആറണ്‍ ഫിഞ്ചിനെ (14) സൗത്തി വീഴ്ത്തി. പാറ്റ് കമ്മിന്‍സ് 7 റണ്‍സുമായി പുറത്താകാതെ നിന്നു. 27 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയ ബോള്‍ട്ട് മാന്‍ ഓഫ് ദി മാച്ച് സമ്മാനവും നേടി.
ഇംഗ്ലണ്ടിനെതിരെ എന്നതു പോലെ മുന്നിലുള്ള സ്കോര്‍ ചെറുതോ വലുതോ എന്നൊന്നും നോക്കാന്‍ കിവി ക്യാപ്റ്റന്‍ ബ്രണ്ടന്‍ മെക്കല്ലം മുതിര്‍ന്നില്ല. മെക്കല്ലം ഉത്സവലഹരിയില്‍ പന്തിനെ വര കടത്തിയപ്പോള്‍ 24 പന്തില്‍ നിന്ന് സ്വന്തം കണക്കില്‍ ചേര്‍ത്തത് കൃത്യം 50 റണ്‍സ് ആയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് നല്ല വേഗതയില്‍ പന്ത് സ്വിംഗ് ചെയ്യച്ചപ്പോള് എല്ലാ ബാറ്റ്സ്മാന്മാരും കുഴങ്ങി. ഒമ്പതാം ഓവര്‍ എത്തിയപ്പോള്‍ 79 റണ്‍സിന് 4 വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു അവര്‍ക്ക്. എന്നാല്‍ സമചിത്തതയോടെ ഒരറ്റത്ത് നിലയുറപ്പിച്ച കെയ്ന്‍ വില്യംസണ് ആ കാറ്റിലും കോളിലും കിവികള്‍ക്ക് വഴികാട്ടിയായി. 26 റണ്‍സെടുത്ത കോറി ആന്ഡേഴ്സണ് വില്യംസണ് തുണ നിന്നു കുറേ നേരം. മാര്ട്ടിന് ഗുപ്ടില്‍ (11), റോസ് ടെയ്ലര്( 1) ഗ്രാന്റ് എലിയട്ട് (0) ലൂക്ക് റോഞ്ചി (6) വെറ്റോറി (2)ആഡം മില്ന് (0) ടിം സൗത്തി (0) എന്നിവരൊക്കെ വേഗത്തില്‍ പുറത്തായി. കളി തീരുമ്പോള്‍ റണ്ണൊന്നും എടുക്കാതെ ട്രന്റ് ബോള്‍ട്ടായിരുന്നു വില്യംസന്റെ കൂട്ട്.
വില്യംസന് പറ്റിയ ഒരു പിഴവ് കളി തീര്‍ക്കുമായിരുന്നു.
23ാം ഓവറില്‍ രണ്ടാം പന്തില്‍ വില്യംസണ് ഒരു സിംഗിള്‍ എടുത്തതോടെ ന്യൂസിലന്‍ഡിന്റെ വാല് സ്റ്റാര്‍ക്കിന്റെ ആക്രമണ ലക്ഷ്യമായി. അടുത്ത രണ്ടു പന്തില്‍ തീപാറിയ രണ്ട് യോര്‍ക്കറുകളില്‍ മില്നും സൗത്തിയും സൗത്തിയും തെറിച്ചു. വില്യംസണ് മറുഭാഗത്ത് ഒറ്റപ്പെട്ടു നില്‍ക്കെ 9 വിക്കറ്റ് നഷ്ടപ്പെട്ട് 146 റണ്‍സില്‍ നില്‍ക്കുകയായിരുന്നു ന്യൂസീലന്‍ഡ്. ആദ്യ പന്ത് ബോള്‍ട്ട് തടുത്തു. അടുത്ത രണ്ടു പന്തും തൊടാതെ വിട്ടതോടെ അടുത്ത ഓവറില്‍ അവസാന രംഗമായി. ജയിക്കാന്‍ ആറു റണ്‍സ് വേണ്ടിടത്ത് കമ്മിന്‍സിന്റെ തലക്ക് മുകളിലൂടെ വില്യംസന്റെ ബാറ്റില്‍ നിന്ന് പുറപ്പെട്ട പന്ത് വരയ്ക്ക് മുകളിലൂടെ പറന്നു. എതിരാളികളെ വട്ടം കറക്കി സ്റ്റാര്‍ക് 28 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തി.