ജയത്തോടെ ജെറാര്‍ഡിന് യാത്ര പറയാനായില്ല

ലിവര്‍പൂള്‍: സ്റ്റീവന്‍ ജെറാര്‍ഡിന്റെ യാത്ര പറയല്‍ മത്സരം ക്രിസ്റ്റല്‍ പാലസ് അലങ്കോലപ്പെടുത്തി. ജെറാര്‍ഡ് ലിവര്‍പൂളിന്റെ കുപ്പായത്തില്‍ കളിച്ച അവസാന ലീഗ് മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് അവരെ 3-1 ന് തോല്‍പ്പിച്ചു. അവസാനമായി ഒരു തവണ തന്റെ ടീമിനെ രക്ഷിക്കാന്‍ ജെറാര്‍ഡ് കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും അതിനു കഴിഞ്ഞില്ല. ജെറാര്‍ഡിന്റെ പല ഷോട്ടുകളും അകലേക്ക് വിടചൊല്ലിപ്പോയി. കാണികള്‍ അതിനെ അതിനെ പരിഹസിക്കുകയും ചെയ്തു. ജെറാര്‍ഡ് ആ വിമര്‍ശനം പെരുവിരല്‍ ഉയര്‍ത്തിക്കൊണ്ട് സ്വീകരിച്ചു.
ആദ്യ മത്സരത്തിലും പാലസ് ലിവര്‍പൂളിനെ തോല്‍പ്പിച്ചിരുന്നു. എതിരാളികള്‍ നേടിയ രണ്ടാത്തെയും മൂന്നാമത്തെയും ഗോളുകളെക്കുറിച്ച് ലിവര്‍പൂള്‍ കോച്ച് ബ്രണ്ടന്‍ റോജേഴ്സ് പരാതി പറഞ്ഞിരുന്നു. ആദ്യത്തേത് ഓഫ് സൈഡായിരുന്നു. രണ്ടാമത്തേത് പെനാല്‍ട്ടിയും. കളി കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ താരം ഒരു ലിവര്പൂളുകാരനായിരുന്നില്ല; അത് പാലസിന്റെ യാനിക്ക് ബൊലാസിയായിരുന്നു.
ആഡം ലല്ലാനയിലൂടെ ലിവര്‍പൂളാണ് ആദ്യം ഗോള്‍ നേടിയത്. ജെയ്സണ്‍ പഞ്ചിയോണ്, വില്‍ഫ്രഡ് സാഹ, ഗ്ലെന്‍ മറേ എന്നിവര്‍ പാലസിന്റെ ഗോളുകള്‍ നേടി തങ്ങളുടെ ശക്തി തെളിയിച്ചു.