ധോണിപ്പടയ്ക്ക് മേല്‍ ഗുജറാത്ത് സിംഹങ്ങളുടെ തേരോട്ടം

പൂണെ: ധോണിയുടെ പൂണെ സൂപ്പര്‍ ജയന്റ്‌സിന് മേല്‍ ആധിപത്യമുറപ്പിച്ച് സുരേഷ് റെയ്‌നയുടെ ഗുജറാത്ത് ലയണ്‍സ്. മൂന്ന് വിക്കറ്റിനാണ് ക്യാപറ്റന്‍ കൂളിന്റെ ടീമിനെ ഗുജറാത്ത് സിംഹങ്ങള്‍ പരാജയപ്പെടുത്തിയത്. പൂണെ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം ബ്രണ്ടന്‍ മക്കല്ലം- ഡ്വെയ്ന്‍ സ്മിത്ത് കൂട്ടുകെട്ടിന്റെ കരുത്തില്‍ ഗുജറാത്ത് മറികടന്നു. ഐപിഎല്ലില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഗുജറാത്ത് തന്നെയാണ് വിജയം കൊണ്ടുപോയത്.
ഡ്വെയ്ന്‍ സ്മിത്ത് 68 റണ്‍സും മക്കല്ലം 43 റണ്‍സുമെടുത്ത് പുറത്തായതോടെ ടീമിനെ വിജയത്തിലേക്ക് പിടിച്ചു കയറ്റിയത് ക്യാപ്റ്റന്‍ റെയ്‌നയായിരുന്നു. ഏഴു കളികളില്‍ ആറിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത് ലയണ്‍സ്. അതേസമയം ഏഴു കളികളില്‍ അഞ്ചിലും തോറ്റ് ആറാം സ്ഥാനത്താണ് ധോണിയുടെ പൂണെ ജയന്റ്‌സ്.
ഐപിഎല്‍ ഒമ്പതാം സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് പൂണെ ജയന്റ്‌സ് ഇന്നലെ കുറിച്ചത്. എന്നാല്‍ അത് ഗുജറാത്ത് സിംഹങ്ങളുടെ ഗര്‍ജനത്തിന് മുമ്പില്‍ അലിഞ്ഞില്ലാതെയായി. ഓസിസ് താരം സ്റ്റീവന്‍ സ്മിത്തിന്റെ കന്നിസെഞ്ച്വറിയാണ് പൂണെയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 45 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടെ 53 റണ്‍സെടുത്ത അജിങ്ക്യ രഹാനെയും 18 പന്തില്‍ രണ്ട് വീതം സിക്‌സും ബൗണ്ടറിയും പറത്തി 30 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ധോണിയുമാണ് പൂണെയ്ക്ക് കാര്യമായ സംഭാവന നല്‍കിയത്.