നിങ്ങ പൊളിച്ചടുക്കി ബ്രോ...

നോട്ടിംഗ്ഹാം: ക്ലാര്‍ക്കിന്റെ അത്യുഗ്രന്‍ സെഞ്ച്വറി, സ്മിത്തിന്റെ അതിശക്തമായ ചെറുത്ത് നില്‍പ്പ്, വാര്‍ണറിന്റെ വെടിക്കെട്ട് ബാറ്റിങ്. ഇംഗ്ലണ്ട്-ഓസിസ് ടെസ്റ്റ് മത്സരം കാണാനെത്തിയവരുടെ മനസ്സില്‍ ഇങ്ങനെ പലതുമുണ്ടായിരുന്നു. എന്നാല്‍ തീഗോളം പോലെ പാഞ്ഞുവന്ന ബ്രോഡിന്റെ ഓരോ പന്തും ക്രിക്കറ്റിലെ രാജാക്കാന്മാരെന്ന് വിശേഷിപ്പിക്കുന്ന ഓസ്ട്രേലിയയെ എരിച്ച് ചാമ്പലാക്കി.
ആഷസ് പരമ്പരയിലെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ 60ന് ഓള് ഔട്ടാക്കിയ മാന്ത്രികതയാണ് ക്രിക്കറ്റ് ലോകം കണ്ടത്. വെറും പതിനഞ്ച് റണ്‍സ് വഴങ്ങി സ്റ്റുവര്‍ട്ട് ബ്രോഡ് പഞ്ഞിക്കിട്ടത് എട്ട് പേരെ.
ആദ്യ ട്വന്റി 20 ലോകകപ്പില്‍ ഇതേ സ്റ്റുവര്‍ട്ട് ബ്രോഡിനെയാണ് ഒരു ഓവറിലെ ആറ് പന്തും സിക്സറടിച്ച് ഇന്ത്യയുടെ യുവരാജ് സിങ് ദഹിപ്പിച്ചു കളഞ്ഞത്. അന്ന് വിമര്‍ശനശരങ്ങള്‍ ഏറ്റുവാങ്ങിയ ബ്രോഡ് ഇന്ന് പകരം വീട്ടി.
ഓസിസ് കളിക്കാര്‍ക്ക് തങ്ങള്‍ കളിക്കുന്നത് ഒരു ടെസ്റ്റ് മത്സരമാണെന്ന് ചിന്തിക്കാന്‍ കൂടി അവസരം കിട്ടിയില്ല. ഒരു ട്വന്റി 20 മത്സരത്തിന്റെ ദൈര്‍ഘ്യം പോലുമില്ലാതെ വെറും 18.3 ഓവറില്‍ എല്ലാവരും കൂടാരം കയറി.
ഇംഗ്ലണ്ട് 2-1 ന് മുന്നിട്ടുനില്ക്കുന്ന പരമ്പരയില്‍ നാലാം മത്സരം ജയിക്കാനിറങ്ങിയ ഓസിസ് വെറും ഒന്നര മണിക്കൂര്‍ കൊണ്ട് ചാരമായി. ആഷസിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ എട്ടാമത്തെ സ്കോറാണിത്.
ബൗളിങ് ശരമായ ജയിംസ് ആന്ഡേഴ്സണില്ലാതെ ഇറങ്ങിയ ഇംഗ്ലണ്ട് പോലും ബ്രോഡ് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. ട്രെന്റ് ബ്രിജിലെ പിച്ചില്‍ വേഗവും ബൗണ്‍സും സ്വിങ്ങും സമ്മേളിച്ചപ്പോള്‍ വിക്കറ്റ് മഴ തന്നെ പെയ്തു.
ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ക്രിസ് റോജേഴ്സിനെ ഫസ്റ്റ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റെ കയ്യിലെത്തിച്ച് ബ്രോഡ് ആക്രമണം തുടങ്ങി. അവസാന പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്കി സ്മിത്തിനെയും ബ്രോഡ് പറഞ്ഞയച്ചു. പിന്നെ ഒരു ബാറ്റ്സ്മാന്മാരെയും ഗ്രൗണ്ടില്‍ ഒന്നു നേരെ നില്ക്കാന് ബ്രോഡ് അനുവദിച്ചില്ല. അദ്യ നാല് ഓവറില്‍ ആറ് റണ്‍സ് വഴങ്ങി അഞ്ച് പേരെയാണ് വന്ന വഴിയേ ബ്രോഡ് പറഞ്ഞയച്ചത്. ഈ സമയം ഓസീസിന്റെ സ്കോര്‍ ബോര്‍ഡില്‍ 21 റണ്‍സായിരുന്നു.
അങ്ങനെ മുട്ടുമടക്കാന്‍ തങ്ങളില്ലെന്ന് പറഞ്ഞെത്തിയ ബൗളര്‍ മിച്ചല്‍ ജോണ്സണനും (13) ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിനും (10) പക്ഷേ അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ബ്രോഡിന്റെ മുമ്പില്‍ അവരും മുട്ടുകുത്തി. ബാക്കിയുള്ളവര്‍ സംപൂജ്യരായി മടങ്ങി.
മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് വളരെ ശ്രദ്ധാപൂര്‍വ്വമാണ് കളിച്ചത്. ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കെ 214 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ റൂട്ട് ക്ലിയറാക്കിയ ജോ റൂട്ട് ടെസ്റ്റിലെ എട്ടാം സെഞ്ച്വറിയുമായി ക്രീസിലുണ്ട്. ആദം ലിത്തും (14), ക്യാപ്റ്റന്‍ കുക്കും (43) ബെല്ലും(1) കൂടാരം കയറിയതിന് ശേഷം റൂട്ടിന് ശക്തമായ കൂട്ട് കിട്ടിയത് ജോണി ബെയര്‍സ്റ്റോയില്‍ (74) വന്നപ്പോഴാണ്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ