• 03 Feb 2023
  • 11: 21 PM
Latest News arrow

ഇന്ത്യയുടെ സെമി നാളെ; ഹരിക്കേന്‍ സ്റ്റാര്‍ക് ഭീഷണി

സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്‌ട്രേല്യ ഇന്ത്യക്കെതിരെ 13 കളി കളിച്ചിട്ടുണ്ട്. ഈ ഏകദിന മത്സരങ്ങളില്‍ ഒന്നില്‍ മാത്രമേ ഇന്ത്യ ജയിച്ചിട്ടൂള്ളൂ. ആ ജയം ഏഴു വര്‍ഷം മുമ്പായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഓസ്‌ട്രേല്യ ഇവിടെ ആരോടും തോറ്റിട്ടില്ല. ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യ നാളെ ഓസ്‌ട്രേല്യയെ ഇതേ ഗ്രൗണ്ടില്‍ നേരിടുമ്പോള്‍ ഓസ്‌ട്രേല്യക്കായിരിക്കും കൂടുതല്‍ ജയസാധ്യത എന്നതിന് കണക്കുകള്‍ നല്‍കുന്ന പിന്‍ബലമാണ് ഇത്. കണക്കിന്റെ പിന്‍ബലം മാത്രമല്ല കളിയുടെ പിന്‍ബലവും ഓസ്‌ട്രേല്യയുടെ ഭാഗത്തിന് കൂടുതല്‍ തൂക്കം നല്‍കുന്നു. തൂക്കം അലപ്‌മെങ്കിലും കൂടുതല്‍ അവരുടെ ഭാഗത്താണ് എന്നത് വസ്തുതയാണ്. അപ്പോള്‍  കണക്ക് വിട്ടുള്ള കളിയിലാണ് ഇന്ത്യക്ക് പ്രതീക്ഷിക്കാനുള്ളത്.

 സ്വന്തം നാട്ടില്‍ സമ്മര്‍ദ്ദം കൂടുതല്‍ താങ്ങേണ്ടി വരിക ആതിഥേയര്‍ക്കായിരിക്കും, എസ്‌സിജിയില്‍ പകുതി പേര്‍ ഇന്ത്യക്കാര്‍ ആയിരിക്കുമെങ്കിലും. ശ്രീലങ്കയും ഓസ്‌ട്രേല്യയും തമ്മിലുള്ള ഗ്രൂപ്പ് മത്സരം നടന്നത് ഇവിടെയാണ്. രണ്ടു ടീമുകളും ചേര്‍ന്ന് എഴുന്നൂറോളം റണ്‍സ് ഇവിടെ നിന്ന് അടിച്ചെടുക്കുകയുണ്ടായി. പാകിസ്താന്‍ ഓസ്‌ട്രേല്യയെ എങ്ങനെ നേരിടാമെന്ന് അഡലെയ്ഡില്‍ കാണിച്ചുതന്നുവെങ്കിലും അത് അപ്പടി പകര്‍ത്താവുന്നു ഒരു പാഠമല്ല. ഇടങ്കൈയ്യന്‍മാരായ ഫാസ്റ്റ്ബൗളര്‍മാരുടെ ലോകകപ്പില്‍ വഹാബ് റിയാസ് ഓസ്‌ട്രേല്യയെ കറക്കി. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ കളി ഈ ലോകകപ്പിലെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥകളില്‍ ഒന്നായിരുന്നു. 17 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നില്‍. നല്ല വേഗതയുള്ള ഉമേശ് യാദവിന് ഓസ്‌ട്രേല്യന്‍ ബാറ്റ്‌സ്മാന്‍മാരെ ബുദ്ധിമുട്ടിക്കാന്‍ കഴിയും. അതേസമയം  ഇടങ്കയ്യനല്ലാത്തതു കൊണ്ട് ഉമേശിന്റെ പന്തുകളുടെ സഞ്ചാരമാര്‍ഗവും അത് ബാറ്റ്‌സ്മാനെ സമീപിക്കുന്ന കോണുകളും വഹാബ് റിയാസിന്റെതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഈ കളി കളിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് ഓസ്‌ട്രേല്യയുടെ സ്റ്റീവന്‍ സ്മിത്ത് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. അവര്‍ വിരിച്ച വലയില്‍ ചെന്ന് വീഴുകയായിരിക്കും ഫലം. പക്ഷെ ഈ വഴി ഇന്ത്യ തീര്‍ച്ചയായും പ്രതീക്ഷിക്കും, സ്മിത്ത് എന്തു പറഞ്ഞാലും. ഫീല്‍ഡില്‍ ഒരാളുടെ കുറവ് മറികടക്കാന്‍ ലെഗ് സൈഡില്‍ ക്യാച്ചുകള്‍ ഉണ്ടാക്കിയെടുക്കുന്നതിന് ഫാസ്റ്റ് ബൗളര്‍മാര്‍ ബൗണ്‍സറുകള്‍ സൗകര്യമനുസരിച്ച് പ്രയോഗിക്കുകയുണ്ടായി.

അതേസമയം ഓസ്‌ട്രേല്യന്‍ നിരയില്‍ ഈ ലോകകപ്പിലെ താരങ്ങളിലൊരാളായ ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക് പസഫിക്കിലെ ഹരിക്കേന്‍ അല്ലെങ്കില്‍ ടൈഫൂണ്‍ കൊടുങ്കാറ്റ് മുന്നറിയിപ്പ് പോലെ ഇന്ത്യക്ക് മുന്നില്‍ ഭീഷണിയായി രുപപ്പെട്ടിട്ടുള്ളത് ഇന്ത്യ തീര്‍ച്ചായയും കാണുന്നുണ്ടാവണം. ഇതുവരെ 16 വിക്കറ്റെടുത്തിട്ടുള്ള സ്റ്റാര്‍ക് വിട്ടു കൊടുത്തിട്ടുള്ള ശരാശരി റണ്‍സ് 9.77 മാത്രമാണ്. ശരീരത്തെ ലക്ഷ്യം വെക്കുന്നവരാണ് ഓസ്‌ട്രേല്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍. പിന്നിലേക്ക് നീണ്ടു കിടക്കുന്ന ബാറ്റിംഗ് നിരയാണ് എന്നതാണ് അവരുടെ മറ്റൊരു ശക്തി. മുന്‍നിര വീണാല്‍ കളി ഏറ്റെടുക്കാനുള്ള കെല്പ് മാത്രമല്ല, അവസാന ഓവറുകളില്‍ എതിരാളികള്‍ തീരെ പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാനും ഗ്ലെന്‍മാക്‌സ്‌വെലിനും ജെയിംസ് ഫോക്‌നര്‍ക്കും കഴിയും. ചാര്‍ളി ചാപ്ലിന്‍ ബാറ്റ് പിടിച്ചാല്‍ അടിക്കുന്നതു പോലുള്ള ചില അടികള്‍ മാക്‌സ് വെല്‍ കാഴ്ചവെക്കുകയുണ്ടായി. അത് ബൗണ്ടറി മാത്രമല്ല, സിക്‌സറും ആയിട്ടുണ്ട്.

എസ്‌സിജിയുടെ കിടപ്പില്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. പെര്‍ത്ത് പോലെ അവിടെ പന്ത് അതിവേഗത്തില്‍ പറക്കില്ല. അത് സ്പിന്നിനെ തുണച്ചേക്കാം. എങ്കില്‍ അശ്വിന്റെ പന്ത് തിരിക്കുന്ന വിരലുകളില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയര്‍പ്പിക്കാം. ജഡേജക്ക് ഇതുവരെ വലുതായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെങ്കിലും ഓസ്‌ട്രേലിയ സ്‌പെഷലിസ്റ്റ് സ്പിന്നര്‍ ഡൊഹര്‍ട്ടിയെ കളിപ്പിക്കാനിടയില്ല.

ഇന്ത്യയുടെ ബാറ്റിംഗിനെ ചുരുട്ടിക്കെട്ടാമെന്ന് ഓസ്‌ട്രേല്യ കരുതുന്നുണ്ടാവില്ല. പാകിസ്താനെതിരെ സെഞ്ച്വറിയടിച്ച വിരാട് കൊഹ്‌ലിക്ക് അടുത്ത ഇന്നിംഗ്‌സ് പുറത്തെടുക്കാന്‍ സമയമായിരിക്കുന്നു. അചിങ്ക്യ രഹാനെയ്ക്കും ഇതാണ് അവസരം. എല്ലാവരും ഒരേ പോലെ സ്‌കോര്‍ ചെയ്യണമെന്നില്ല. സെഞ്ച്വറിയോടെ ഒരു നീണ്ട ഇന്നിംഗ്‌സ്, അതിനെ പിന്തുണക്കാന്‍ ഒരു നല്ല  അരസെഞ്ച്വറി, വാലറ്റക്കാരുള്‍പ്പെടെ മറ്റുള്ളവരുടെ ചെറിയ സംഭാവനകള്‍. അല്ലെങ്കില്‍ എല്ലാവരും ചേര്‍ന്നുള്ള കൂട്ടുകെട്ടുകള്‍. രണ്ടിലൊന്ന് സംഭവിക്കാം. കളിയുടെ ചൂട് കൂട്ടാനും കുറക്കാനും കഴിയുന്ന എം എസ് ധോണിയുടെ സാന്നിദ്ധ്യം ഇന്ത്യയക്ക് ഗുണമാണ്. മൈക്കിള്‍ ക്ലാര്‍ക്ക് മോശക്കാരനാണെന്നല്ല. ദക്ഷിണാഫ്രിക്കയേയും അവരുടെ ക്യാപ്റ്റന്‍ ഡിവിലിയേഴ്‌സിനെയും സമ്മര്‍ദ്ദം എങ്ങനെ ബാധിച്ചു എന്നത് രണ്ട് ടീമുകളും നന്നായി ശ്രദ്ധിച്ചിട്ടുണ്ടാകണം.