• 01 Feb 2023
  • 07: 31 AM
Latest News arrow

ശ്രീനിവാസന് കൂക്കുവിളി സച്ചിന് ആര്‍പ്പുവിളി

ന്യൂഡല്‍ഹി: ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യ തോറ്റെങ്കിലും സമ്മാനദാന ചടങ്ങില്‍ ഇന്ത്യയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഐസിസി ചെയര്‍മാന്‍ എന്‍ ശ്രീനിവാസനാണ് വിജയികളായ ഓസ്‌ട്രേലിയന്‍ ടീമിന് കപ്പ് നല്‍കിയത്. മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും സച്ചിന്‍ ടെണ്ടുല്‍ക്കറും സമ്മാനിച്ചു. ടെണ്ടുല്‍ക്കര്‍ ഐസിസി ബ്രാന്‍ഡ് അംബാസഡറാണ്. ശ്രീനിവാസനെ കൂക്കുവിളിയോടെയാണ് കാണികള്‍ എതിരേറ്റതെങ്കില്‍ സച്ചിന്റെ പേരു വിളിച്ചപ്പോള്‍ അത് ആഹ്ലാദാരവമായി.
             
ചട്ടപ്രകാരം ബംഗ്ലാദേശുകാരനായ ഐസിസി പ്രസിഡന്റ് മുസ്തഫ കമാലായിരുന്നു ട്രോഫി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ കമാല്‍ അംപയറിങ്ങിനെ വിമര്‍ശിച്ചതിനാല്‍ ശ്രീനിവാസന്‍ തന്നെ കപ്പ് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശ്രീനിവാസന്റെ പ്രശസ്തി കടല്‍ കടന്ന് ഓസ്‌ട്രേലിയയിലും എത്തിയിട്ടുണ്ടെന്ന് വ്യക്തം.
            
സാമൂഹ്യമാധ്യമങ്ങളില്‍ ഇത് ആഘോഷിക്കപ്പെട്ടു.'നമ്മുടെ വിശിഷ്ടാഥിതി, സെപ്പ് ബ്ലാറ്ററും ബെര്‍ണീ എക്ലസ്‌റ്റൈനും കഴിഞ്ഞാല്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ അഴിമതിക്കാരന്‍'എന്നാണ് ഒരാള്‍ കുറിച്ചത്. മറ്റൊരാള്‍ ഇങ്ങനെ എഴുതി.'ശ്രീനിവാസനെ കൂക്കി. സച്ചിനെ ആര്‍പ്പുവിളിച്ചു. ഒരു ഗുസ്തി മത്സരത്തിന്റെ തുടക്കമാണോ എന്ന് തോന്നിപ്പോയി.'