• 22 Sep 2023
  • 02: 55 AM
Latest News arrow

ആരാധകരെ കോരിത്തരിപ്പിക്കുന്നതില്‍ ടെസ്റ്റ് ക്രിക്കറ്റ് തോറ്റിട്ടില്ല! ഇതാ തെളിവുകള്‍

പെര്‍ത്ത്: ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് സമ്മാനിക്കുന്നത് ക്രിക്കറ്റിലെ ചില അതിമനോഹര നിമിഷങ്ങള്‍ കൂടിയാണ്. ആരാധകര്‍ക്ക് ആവേശകരമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നതില്‍ ടെസ്റ്റ് ക്രിക്കറ്റ് ഒരു തോല്‍വിയല്ലെന്ന് തെൡയിക്കുകയാണ് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്. 

ഓസിസ് താരം മിച്ചല്‍ മാര്‍ഷിന്റെ ഫ്‌ളയിങ് ക്യാച്ചായിരുന്നു ആദ്യം ആരാധകരെ അമ്പരിപ്പിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറിലെ നാലാം പന്തിലാണ് അവിശ്വസനീയ ആ വിക്കറ്റ് പിറന്നത്. അതിവേഗത്തില്‍ വന്ന പന്തിനെ പ്രതിരോധിക്കുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ സ്റ്റീഫന്‍ കുക്ക് പരാജയപ്പെട്ടു. ബാറ്റിന്റെ എഡ്ജില്‍ തട്ടിയ പന്ത് പൊന്തിയെങ്കിലും ഉയര്‍ന്ന് ചാടി സ്ലിപ്പില്‍ അതിമനോഹരമായി മിച്ചല്‍ മാര്‍ഷ് കൈക്കലാക്കി.

രണ്ടാമത്തെ അത്ഭുതപ്രകടനം ഓസിസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടേതായിരുന്നു. വാര്‍ണര്‍ നേടിയ ഒരു സിക്‌സാണ് ആരാധകരുടെ മനം കുളിര്‍പ്പിച്ചത്. സ്റ്റേയിന്റെ കൂറ്റന്‍ ബൗണ്‍സര്‍ വായുവില്‍ ചാടി അപ്പര്‍ കട്ട് ചെയ്ത് തേഡ് മാനിനു മുകളിലൂടെ വാര്‍ണര്‍ സിക്സ് നേടുകയായിരുന്നു. പെര്‍ത്തിലെ അതിവേഗ പിച്ചിലാണ് വാര്‍ണര്‍ ഇത്തരത്തിലുളള പ്രയാസകരമായ ഷോട്ട് പുറത്തെടുത്തത്. ഈ ചാട്ടം പിഴച്ച് വാര്‍ണര്‍ പിച്ചില്‍ മലര്‍ന്ന് വീണതും കാണികള്‍ക്ക് കൗതുകമായി.

രണ്ടാം ഇന്നിങ്‌സില്‍ ഡേവിഡ് വാര്‍ണറെ തെംബ ബവുമ എന്ന യുവതാരം റണ്‍ ഔട്ടാക്കിയതാണ് ക്രിക്കറ്റ് ആരാധകരെ കോരിത്തരിപ്പിച്ച മൂന്നാമത്തെ സംഭവം. അസാമാന്യ മെയ്‌വഴക്കത്തോടെ പന്തെടുത്ത് പറന്ന് വിക്കറ്റിലെറിഞ്ഞ് കൊള്ളിച്ചാണ് ബവുമ വാര്‍ണറെ റണ്‍ ഔട്ടാക്കിയത്.