• 10 Jun 2023
  • 04: 51 PM
Latest News arrow

റൊണാള്‍ഡോയ്ക്ക് വേണ്ടി ഞങ്ങള്‍ ജയിച്ചു

പാരിസ്: റൊണാള്‍ഡോ പോയാല്‍ മങ്ങുന്നതല്ല പോര്‍ച്ചുഗലിന്റെ പോരാട്ട വീര്യം. പരിക്കേറ്റ് പുറത്തായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ തന്നെ പോര്‍ച്ചുഗല്‍ യൂറോ കപ്പില്‍ മുത്തമിട്ടു. ആവേശം മുറ്റിനിന്ന കലാശപോരാട്ടത്തില്‍ ആതിഥേയരായ ഫ്രാന്‍സിനെ എക്‌സ്ട്രാ ടൈമിലാണ് ചുവന്ന ചെകുത്താന്‍മാര്‍ മുട്ടുകുത്തിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് പോര്‍ച്ചുഗല്‍ ഒരു ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കുന്നത്. 

ദിമിത്രി പയറ്റിന്റെ ഫൗളില്‍ വലതു കാല്‍മുട്ടിന് പരിക്കേറ്റ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്തുപോയപ്പോള്‍ പകരക്കാരനായി ഇറങ്ങിയ എഡര്‍ ആ കുറവ് നികത്തി. 109-ാം മിനിറ്റില്‍ എഡറാണ് ലക്ഷ്യം കണ്ടത്. ഈ യൂറോ കപ്പില്‍ പകരക്കാരനായി ഇറങ്ങി ഗോളടിക്കുന്ന രണ്ടാമത്തെ താരമാണ് എഡര്‍. ക്വരേസ്മയാണ് നേരത്തെ പകരക്കാരന്റെ ഗോള്‍ നേടിയത്. 

സെമിയില്‍ കളിക്കളത്തിന് പുറത്തിരുന്ന പെപെ, വില്ല്യം കാര്‍വലോ എന്നിവരെ കൂടെക്കൂട്ടിയാണ് പോര്‍ച്ചുഗല്‍ ഫൈനല്‍ കളിക്കാനിറങ്ങിയത്. ജര്‍മ്മനിയെ പുകച്ചുപുറത്താക്കിയ ടീം ഫ്രാന്‍സിനെതിരെയും ഒത്തുചേര്‍ന്നു. 

കളിയുടെ ആദ്യ നിമിഷങ്ങള്‍ ഫ്രാന്‍സ് തങ്ങളുടേതാക്കി മാറ്റി. ഇതുകണ്ട് തിരിച്ചടിയ്ക്ക് ശ്രമിച്ച ക്രിസ്റ്റ്യാനോ-നാനി കൂട്ടുകെട്ടിന് പക്ഷേ ഏഴാം മിനിറ്റില്‍ കനത്ത പ്രഹരമേറ്റു. പയറ്റിന്റെ ഫൗളില്‍ കാല്‍മുട്ടിന് പരിക്കേറ്റ ക്രിസ്റ്റ്യാനോ ചികിത്സ തേടിയ ശേഷം കളത്തിലേക്ക് വീണ്ടുമെത്തിയെങ്കിലും വേദന കടിച്ചുപിടിച്ചുകൊണ്ടുള്ള ആ നീക്കങ്ങള്‍ അധികം നീണ്ടുനിന്നില്ല. 25-ാം മിനിറ്റില്‍ വീണുപോയ പോര്‍ച്ചുഗലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറിന് സ്‌ട്രെക്ച്ചറില്‍ കളം വിടേണ്ടി വന്നു. പോര്‍ച്ചുഗല്‍ ആരാധകര്‍ക്ക് ഇതോടെ നിരാശയുടെ പടുകുഴിയില്‍ വീണു. എന്നാല്‍ ക്യാപ്റ്റന്റെ കുറവ് നികത്താന്‍ പോര്‍ച്ചുഗല്‍ താരങ്ങള്‍ ആവേശത്തോടെ പോരാടി. 

റൊണാള്‍ഡോ പുറത്തായതോടെ ഫ്രാന്‍സ് കിരീടമുയര്‍ത്തുമെന്നായിരുന്നു ഏവരുടെയും വിലയിരുത്തല്‍. കളിയിലെ മേധാവിത്വവും ഫ്രാന്‍സിനായിരുന്നു. എന്നാല്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ അവര്‍ അവസരങ്ങള്‍ കളഞ്ഞുകുളിച്ചു. ഇതോടെ ഫ്രാന്‍സ് ആരാധകര്‍ നിരാശരായി. എക്‌സ്ട്രാ ടൈമിലെ തോല്‍വിയും കൂടിയായതോടെ രോഷാകുലരായ ആരാധകര്‍ തെരുവിലേക്കിറങ്ങി. ഇത് പാരീസിലാകെ കലാപം ഇളക്കിവിട്ടു. പൊലീസും കലാപകാരികളും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടി.