ഒത്തുകളിയെന്ന് ഐസിസി പ്രസിഡന്റ്; പ്രസിഡന്റിനെ ഐസിസി തള്ളി

ലണ്ടന്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിലെ അമ്പയറിംഗ് പിഴവുകളെക്കുറിച്ച് ബംഗ്ലാദേശുകാരനായ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രസിഡന്റ് മുസ്തഫ കമാല്‍ പരാതിപ്പെട്ടു. തീരുമാനങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരമാണെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ഒരു ബംഗ്ലാദേശ് ടിവിയോട് പറഞ്ഞു. ഐസിസി പ്രസിഡന്റ് എന്ന നിലയില്‍ അടുത്ത യോഗത്തില്‍ താന്‍ കാര്യങ്ങള്‍ പറയുമെന്നും ആവശ്യമെങ്കില്‍ രാജിവെക്കുമെന്നും ബംഗ്ലാദേശ് മന്ത്രി കൂടിയായ കമാല്‍ പറഞ്ഞു.
എന്നാല്‍ ഐസിസി ,അംപയര്‍മാരുടെ തീരുമാനത്തെ ന്യായീകരിച്ചു. നോ ബോള്‍ വിളി അങ്ങോട്ടുമിങ്ങോട്ടും ചായാവുന്ന തീരുമാനമാണ്. അംപയര്‍മാരുടെ തീരുമാനം അന്തിമമാണ്. അത് സ്വീകരിക്കുക എന്നതാണ് പതിവ്. ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്ഡ്സണ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. രോഹിത് ശര്മയടെ ക്യാച്ചായി മാറിയ അടി നോബോള്‍ വിളിച്ചതും മഹ്മദുള്ളയെ ബൗണ്ടറിയില്‍ വെച്ച് ശിഖര്‍ ധവാന് പിടിച്ചത് ശരിവെച്ചതും ബംഗ്ലാദേശ് അംഗീകരിക്കുന്നില്ല.
മുസ്തഫ കമാലിന്റെ അഭിപ്രായം നിര്‍ഭാഗ്യകരമാണ്. സ്വന്തം നിലക്കാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. ഐസിസി പ്രസിഡന്റെന്ന നിലയില്‍ മാച്ച് ഒഫീഷ്യലുകളോട് പരിഗണന കാട്ടണമായിരുന്നു. മാച്ച് ഒഫീഷ്യലുകള്‍ക്ക് മറ്റ് അജണ്ടയുണ്ടെന്നോ അവരുടെ ചുമതല ആവുംവിധം നിറവേറ്റുന്നതിനപ്പുറം അവര്‍ മറ്റ് എന്തെങ്കിലും പ്രവര്ത്തിച്ചവെന്നോ സൂചിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണ്. അത് ശക്തമായി തള്ളിക്കളയുന്നു. ഐസിസി പ്രസ്താവനയില്‍ പറഞ്ഞു.