റിച്ചീ ബെനോ അന്തരിച്ചു

സിഡ്നി: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ റിച്ചീ ബെനോ (84) അന്തരിച്ചു. പ്രഗത്ഭനായ ലെഗ്സ്പിന്നറും ആക്രമിച്ചുകളിക്കുന്ന ബാറ്റ്സ്മാനുമായിരുന്ന ബെനോ കളിയില്‍ നിന്ന് വിരമിച്ച ശേഷം ടിവി കമന്ററിയില്‍ പുതിയ പാത വെട്ടിത്തുറന്നു. മികച്ച ക്യാപ്റ്റനുമായിരുന്നു ബെനോ. അദ്ദേഹം ഓസ്ട്രേലിയയെ നയിച്ച പരമ്പരയില്‍ ഒന്നിലും അവര്‍ തോറ്റിട്ടില്ല. 1964ല്‍ വിരമിക്കുമ്പോള്‍ 248 ടെസ്റ്റ് വിക്കറ്റുകള്‍ എടുത്തിരുന്നു. ടെസ്റ്റില്‍ 2000 റണ്‍സും 200 വിക്കറ്റും ആദ്യം തികച്ച കളിക്കാരനാണ്. തൊലിക്ക് അര്‍ബുദം ബാധിച്ചതും വാഹനാപകടത്തില്‍ പെട്ടതും ഒടുവില്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചിരുന്നു.
ഏഴുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 1958-59ല്‍ ആഷസ് ഇംഗ്ലണ്ടിന്റെ പക്കല്‍ നിന്ന് തിരിച്ചുപിടിച്ചത് ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ എണ്ണപ്പെട്ട നേട്ടമായിരുന്നു. 1960-61 കാലത്ത് വെസ്റ്റിന്‍ഡീസിനെതിരെ ഓസ്ട്രേലിയയില്‍ നടന്ന പരമ്പരയില്‍ ബെനോ വലിയ പങ്കു വഹിച്ചു. ആദ്യമായി ടൈയില്‍ കലാശിച്ച ടെസ്റ്റ് ഈ പരമ്പരയിലായിരുന്നു. പ്രായോഗികതയോടൊപ്പം സാഹസികതയും കലര്‍ത്തിയ ശൈലിയായിരുന്നു ബെനോയുടെ നായകത്വത്തെ നിര്‍വചിച്ചിരുന്നത്. ഇയാന്‍ ചാപ്പല്‍, മാര്‍ക്ക് ടെയ്ലര്, സ്റ്റീവ് വോ എന്നിവരില്‍ തുടങ്ങി മൈക്കിള്‍ ക്ലാര്‍ക്ക് വരെയുള്ള ക്യാപ്റ്റന്മാര്ക്ക് വഴികാട്ടിയായത് ബെനോ ആയിരുന്നു.
കളിയില്‍ നിന്ന് വിരമിച്ച ശേഷം ടിവിയില്‍ കളിവിവരണ രംഗത്തേക്ക് കടന്നു. ബിബിസിലായിരുന്നു തുടക്കം. തുടര്‍ന്ന് ഓസ്ട്രേലിയന്‍ ടിവിയിലേക്ക് മാറി. രണ്ടു വര്‍ഷം മുമ്പ് വരെ ഈ രംഗത്ത് സക്രിയമായിരുന്നു. 2013ലുണ്ടായ ഒരു കാര്‍ അപകടത്തെ തുടര്‍ന്ന് അദ്ദേഹം വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതനായി. ആഡംബരമില്ലാത്തതായിരുന്നു അദ്ദേഹത്തിന്റെ വിവരണ ശൈലി. സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളെ കൂടുതല്‍ തെളിച്ചത്തോടെ എടുത്തുകാണിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
തന്റെ അഭിപ്രായം തീവ്രതയോടെ പ്രകടിപ്പിച്ചുകൊണ്ടല്ല ബെനോ ശ്രദ്ധ നേടിയത്. താന്‍ കളിച്ച കാലത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നില്ല. അതുകാരണം ഓസ്ട്രേലിയയിലെ പുതുതലമുറക്ക് അദ്ദേഹം കളിക്കാരനായിരുന്നു എന്നത് അറിഞ്ഞുകൂടായിരുന്നു. താങ്കള്‍ കളിച്ചിരുന്നുവോ എന്ന് പലരും അദ്ദേഹത്തോട് ചോദിക്കാറുണ്ടായിരുന്നു.