പോഗ്ബയുടെ വില ഉയരുന്നു

യൂവന്റസിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബയെ ക്ഷണിച്ചുകൊണ്ടു പോകാന്‍ പ്രമുഖ യൂറോപ്യന്‍ ക്ലബ്ബുകള്‍ മുന്നിട്ടിറങ്ങിയിരിക്കേ, ഈ കളിക്കാരനെ വിട്ടുകൊടുക്കാന്‍ ഇറ്റലിക്കാര്‍ 10 കോടി യുറോയെങ്കിലും ( ഏതാണ്ട് 720 കോടി രൂപ )വില പറയും. പാരീസ് സാങ് ഷെര്‍മാനും( പിഎസ്ജി) മാഞ്ചസ്റ്റര്‍ സിറ്റിയും ബാഴ്സലോണയും പോഗ്ബയെ വേണമെന്ന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
സാങ്ഷെര്മാന് ഇത്രയും തുക മുടക്കാന്‍ തയ്യാറായേക്കും. സിറ്റിയും ഒരുങ്ങിയിറങ്ങും. എന്നാല്‍ പണം ചെലവിടുന്നതിലുള്ള നിയന്ത്രണം രണ്ടുകൂട്ടരേയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. പോഗ്ബയെ നേടുന്നതിന് പണം മുടക്കുന്നതിന് ഒപ്പം യായാ ടൂറെയെയും വിട്ടുനല്‍കാന്‍ മാഞ്ചസ്റ്റര്‍ തയ്യാറായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഴ്സക്ക് ട്രാന്‍സ്ഫര്‍ നിരോധമുള്ളതിനാല്‍ 2016 ജനവരിക്ക് മുമ്പ് ഒരു കളിക്കാരനെയും എടുക്കാന്‍ ആവില്ല. എന്നാല്‍ അവര്‍ ഇതിന് ഒരു പോംവഴി കണ്ടെത്തിയേക്കും. പോഗ് ബയെ ഒപ്പുവെക്കുന്നതിന് പകരം ക്ലബ്ബില്‍ എടുക്കാന്‍ ധാരണയുണ്ടാക്കിയ ശേഷം കളിക്കാരനെ യൂവന്റസിന് തന്നെ ഒരു സീസണില്‍ വായ്പ നല്‍കുക എന്നതാണ് അവര്‍ ആലോചിക്കുന്ന വഴി. മാത്രമല്ല പെഡ്രോയെയോ മാര്ട്ടിന് മൊണ്ടായെയോ ട്രാന്‍സ്ഫര്‍ തുകയ്ക്ക് പുറമെ കൈമാറ്റം ചെയ്യാമെന്ന വാഗ്ദാനവും അവര്‍ മുന്നോട്ടു വെച്ചേക്കും. വേഗതയും കരുത്തുമുള്ള പോഗ്ബ ഏതു ടീമിനും മുതല്കൂട്ടായിരിക്കും.