• 10 Jun 2023
  • 05: 05 PM
Latest News arrow

വീണ്ടും ചുവപ്പു കാര്‍ഡ്; പെറു ജയിച്ചു

ഒരു മുഷിപ്പന്‍ മത്സരത്തിനൊടുവില്‍ പകുതിയിലധികം സമയം പത്തു പേരെയും വെച്ച് കളിച്ച വെനിസ്വേലയെ പെറു ഒറ്റ ഗോളടിച്ച് തോല്‍പ്പിച്ചു. കോപ്പ അമേരിക്കയില്‍ സി ഗ്രൂപ്പില്‍ ഇതോടെ  എല്ലാ ടീമുകളും ഓരോ കളി ജയിച്ചു. ബ്രസീല്‍ ഉള്‍പ്പെടുന്ന ഈ ഗ്രൂപ്പില്‍ നിന്ന് ആരും ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്താമെന്ന സ്ഥിതിയുണ്ടായി. ബ്രസീല്‍ ഇനി ചുവപ്പുകാര്‍ഡ് കിട്ടിയതു കാരണം പുറത്തായ നെയ്മറെ കൂടാതെ വെനിസ്വേലയെ നേരിടണം. പെറുവിന്റെ എതിരാളി കൊളംബിയയാണ്.

പരിക്ക് സമയത്ത് വീണ ഗോളില്‍ ബ്രസീലിനോട് തോറ്റ പെറുവിനെ അവരുടെ മുതിര്‍ന്ന കളിക്കാരന്‍ ക്ലോഡിയോ പിസ്സാറോയാണ് രക്ഷിച്ചത്. 36 കാരനായ പിസ്സാറോ പോസ്റ്റിനടുത്ത് വെച്ച് കനത്ത അടിയോടെ   72ാം മിനുട്ടില്‍ പന്ത് വലയിലെത്തിച്ചു. ഒന്നാം പകുതിയില്‍ 29ാം മിനുട്ട് മുതല്‍ 10 പേരുമായി കളിക്കുകയായിരുന്നു വെനിസ്വേല. പാബ്ലോ ഗ്വറോറോവിനെ വീഴ്ത്തുകയും പിന്നീട് മുട്ടിന് ചവിട്ടുകയും ചെയ്ത ലെഫ്റ്റ് ബാക്ക് ഫെര്‍ണാണ്ടോ അമോര്‍ബിയേറ്റയെ റഫറി നേരിട്ട് ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കുകയായിരുന്നു. ഇത് കളിയിലെ വഴിത്തിരിവായി. ആദ്യ പകുതിയില്‍ വെനിസ്വേലയുടെ റോണ്ടണിനാണ് നല്ല അവസരം കിട്ടിയത്. എന്നാല്‍ നന്നെ അടുത്തു വെച്ച് ഗോളിയെ കീഴ്‌പെടുത്താന്‍ മാത്രം ശക്തിയില്ലായിരുന്നു അടിക്ക്.
 
രണ്ടാം പകുതിയില്‍ കളിക്കാരുടെ എണ്ണക്കൂടുതല്‍ മുതലാക്കിയ പെറു കളി നിയന്ത്രിച്ചു.എന്നാല്‍ വ്യക്തമായ ഗോള്‍ അവസരങ്ങള്‍ അവര്‍ക്ക് സൃഷ്ടിക്കാനായില്ല.

ഇന്ന് പുലര്‍ച്ചെ 2.30 ന് ഇക്വഡോര്‍ മെക്‌സിക്കോയെയും കാലത്ത് അഞ്ചു മണിക്ക് ചിലി ബൊളീവ്യയെയും നേരിടും