• 10 Jun 2023
  • 05: 41 PM
Latest News arrow

പെറു സെമിയില്‍

സാന്റിയാഗോ: മൂന്നുമിനുട്ടില്‍ രണ്ടു ഗോളും പിന്നീട് ഒരു ഗോളും നേടി ഹാട്രിക്ക് തികച്ച പോളോ ഗ്വേറേറോവിന്റെ ഗോളുകളുടെ ബലത്തില്‍ പെറു ബൊളീവ്യയെ 31 ന്  തോല്‍പ്പിച്ച് സെമിയിലെത്തി. കോപ്പ അമേരിക്കയുടെ സെമിയില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് പെറു കടക്കുന്നത്. തിങ്കളാഴ്ച സെമിയില്‍ അവര്‍ ആതിഥേയരായ ചിലിയെ നേരിടും.

ഗ്വേറേറോ ഗ്രൂപ്പ് മത്സരങ്ങളില്‍ ഒന്നിലും ഗോളടിച്ചിരുന്നില്ല. ബ്രസീലില്‍ ഫ് ളംമിംഗോയ്ക്ക് കളിക്കുന്ന ഗ്വേറോറോ ഇപ്രാവശ്യം  23 മിനുട്ടിനുള്ളില്‍ രണ്ടു ഗോള്‍ നേടി കളി ബൊളീവ്യക്ക് പിടിച്ചാല്‍ കിട്ടാത്ത അകലത്തില്‍ എത്തിച്ചു. 76 ാം മിനുട്ടില്‍ ഒരു ഡിഫന്‍സീവ് പിഴവ് മുതലെടുത്ത് ഗ്വറേറോ ഹാട്രിക്ക് തികച്ചു. ഹ്വാന്‍ വാര്‍ഗാസിന്റെ ക്രോസ് ചാടി ഹെഡ് ചെയ്താണ് ഗ്വേറേറോ 20 ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടിയത്. ഒരു പ്രത്യാക്രമണത്തില്‍ ബൊളീവ്യക്കാര്‍ മുന്നോട്ട് കയറിപ്പോയതിനിടെയായിരുന്നു രണ്ടാം ഗോള്‍. ക്രിസ്റ്റിയന്‍ ക്യേവയുടെ പാസ് സ്വീകരിച്ച് ഗ്വേറേറോ ഗോളി റോമല്‍ ക്വിറോസിനെ കീഴ്‌പ്പെടുത്തി.

ബൊളീവ്യ തുടര്‍ന്ന് പതുക്കെയാണെങ്കിലും കളിയിലേക്ക് തിരിച്ചുവന്നു. ലിയണോല്‍ മോറാലിസും മാര്‍ട്ടിന്‍സ് മൊറേനോവും പെറു ഗോളി പെഡ്രോ ഗാല്ലേസിനെ പരീക്ഷിച്ചു. പെറുവിന്റെ ഭാഗത്ത് ഫര്‍ഫാന്റെ ശ്രമങ്ങള്‍ ഗോളില്‍ കലാശിക്കേണ്ടതായിരുന്നു.
 രണ്ടാം പകുതിയിലും ഫര്‍ഫാന്‍ ബൊളീവ്യക്ക് ഭീഷണിയായിരുന്നു. ബൊളീവ്യയുടെ ബെജ്രാനോ ഡിഫന്‍സിന് കുറുകെ നല്‍കിയ പാസ് പിഴച്ചുപോയതാണ് മൂന്നാം ഗോളിന് വഴിയൊരുക്കിയത്. പന്ത് പിടിച്ചെടുത്ത ഗ്വറേറോ എളുപ്പത്തില്‍ മുന്നോട്ട് കയറി ഗോളിയെ തോല്‍പ്പിച്ചു.
 
പെനാല്‍ട്ടി വഴി 84 ാം മിനുട്ടില്‍ ബൊളീവ്യ ഒരു ഗോള്‍ തിരിച്ചടിച്ചുവെങ്കിലും അപ്പോഴേക്കും പെറു ആഘോഷം തുടങ്ങിയിരുന്നു. ഡാമിയന്‍ ലിസിയോവിനെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍ട്ടിയില്‍ നിന്ന് മാര്‍ട്ടിന്‍സ് മൊറേനോ ഗോള്‍ നേടിയത് ബൊളീവ്യക്ക് അല്പം ആശ്വാസം പകര്‍ന്നു എന്നുമാത്രം.
        
ഈ മത്സരവും കളിക്കാര്‍ തമ്മിലുള്ള പിടിവലിയില്‍ അവസാനിച്ചു. തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ വലിയ കുഴപ്പമില്ലാതെ ഇത് അവസാനിച്ചു.

നാളെ പുലര്‍ച്ചെ അഞ്ചു മണിക്ക് അര്‍ജന്റീനയും കൊളംബിയയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ നടക്കും.