വീണ്ടും ഷൂട്ടൗട്ട്, ബ്രസീല്‍ പുറത്ത്

സാന്റിയാഗോ: കഴിഞ്ഞ കോപ്പ അമേരിക്കയിലെ ഫലം അതേ പടി ഇത്തവണയും ആവര്‍ത്തിച്ചു. ബ്രസീലിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-3 ന് തോല്‍പ്പിച്ച് പാരഗ്വായ് സെമിയില്‍ കടന്നു. 2011 ലും പാരഗ്വായ് ക്വാര്‍ട്ടറില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയിരുന്നു. മുഴുവന്‍ സമയം അവസാനിച്ചപ്പോള്‍ ഗോള്‍ നില 1-1 ആയിരുന്നു. സെമിയില്‍ അര്‍ജന്റീനയാണ് പാരഗ്വായുടെ എതിരാളി. ഇരുവരും തമ്മിലുള്ള ഗ്രൂപ്പ് മത്സരത്തില്‍ സമനിലയായിരുന്നു ഫലം.
റോബിഞ്ഞോവിലൂടെ 15 ാം മിനുട്ടില്‍ ബ്രസീലാണ് ആദ്യം ഗോളടിച്ചത്. എതിര്‍ഗോള്‍ മുഖത്തിന് കുറുകെ ഡാനി ആല്‍വേസിന്റെ പാസ് കിട്ടിയ റോന്‍ പിഴവ് പറ്റിയില്ല. പിന്നീട് വ്യക്തമായ ഗോളവസരങ്ങള്‍ ബ്രസീലിന് തുറന്നെടുക്കാനായില്ലെന്നു മാത്രമല്ല, പിടി മുറുക്കാനുള്ള ശക്തമായ ശ്രമം അവരുടെ കളിയില്‍ പ്രത്യക്ഷപ്പെട്ടതുമില്ല. വില്ല്യനും ഏക സ്ട്രൈക്കര്‍ ഫെര്മിനോവും തിളങ്ങാതെ പോയത് ബ്രസീലിന് ഭാരമായി. ഫെര്മിനോവില് നിന്ന് പാരഗ്വായ്ക്ക് സമ്മര്‍ദ്ദം ഏല്‍ക്കേണ്ടി വന്നതേയില്ല. ആദ്യ ഗോളിന് വഴിതെളിച്ച പാസ് റോബിഞ്ഞോവിന് ഒഴിഞ്ഞുകൊടുത്തതു മാത്രമായിരുന്നു ഫെര്മിനോവിന്റെ സംഭാവന. കൂട്ടീനോവിന്റെയും റോബിഞ്ഞോവിന്റെയും പ്രകടനമായിരുന്നു ബ്രസീലിനെ ചലിപ്പിച്ചത്.
എന്നാല്‍ രണ്ടാം പകുതിയില്‍ പാരഗ്വായ് തിരിച്ചടിച്ചു തുടങ്ങി. തുടക്കത്തില്‍ ഒരു ഘട്ടമൊഴിച്ചാല് പാരഗ്വായ് ബ്രസീലിനോട് സമന്മാരെപ്പോലെ പൊരുതി. എഡ്ഗാര്‍ ബെനിറ്റേസ് ഇടതു വശത്ത് ബ്രസീലിനെ ബുദ്ധിമുട്ടിച്ചു. അതിനിടെ പെനാല്‍ട്ടി വന്നു. പാരഗ്വായുടെ ഒരു മുന്നേറ്റം ചെറുക്കുന്നതിനിടെ തിയാഗോ സില്‍വ പന്ത് കൈകൊണ്ട് തട്ടിയതിനായിരുന്നു ഈ ശിക്ഷ.ആക്രമണം വരുമ്പോള്‍ കൃത്യ സ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരുന്ന സില്‍വ ഇതോടെ അതു വരെയുള്ള നേട്ടം ഇല്ലാതാക്കി. ഡെറില്സ് ഗോണ്‍സാലസ് 72 ാം മിനുട്ടില്‍ ഗോള്‍ മടക്കി.
ഷൂട്ടൗട്ടില്‍ ബ്രസീലിന്റെ എവര്ട്ടന് റിബെയ്റോക്കും ഡഗ്ലസ് കോസ്റ്റക്കും പിഴച്ചു. ഫെര്‍ണാന്‍ഡിഞ്ഞോ, കൂട്ടിനോ, മിറാന്‍ഡ എന്നിവര്‍ ഗോള്‍ നേടി. പാരഗ്വായുടെ റോക്കി സാന്റക്രൂസിന് മാത്രമാണ് പിഴവ് പറ്റിയത്. മാര്‍ട്ടിനേസ്, കസീറസ്, ബോബാഡിയ്യ എന്നിവര്‍ ഗോള്‍ നേടിയ ശേഷം ഡെറില്സ് ഗോണ്‍സാലസ് അവസാന ഗോള്‍ നേടി വിജയം ഉറപ്പിച്ചു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ